സ്വന്തമായി സമോസയും മാങ്ങ ചട്‌നിയുമുണ്ടാക്കി മോഡിയെ ടാഗ് ചെയ്ത് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി, ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ട വിഭവമെന്ന് സ്‌കോട്ട് മോറിസണ്‍

ന്യൂഡല്‍ഹി: സ്വന്തമായി സമോസയുണ്ടാക്കി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ടാഗ് ചെയ്ത് സോഷ്യല്‍മീഡിയയില്‍ ചിത്രം പോസ്റ്റ് ചെയ്ത് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ട സമോസ നരേന്ദ്ര മോഡിയുമായി പങ്കുവെക്കാന്‍ ആഗ്രഹമുണ്ടെന്ന് സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.

ട്വിറ്ററിലാണ് സ്വന്തമായി ഉണ്ടാക്കിയ സമോസയുടെ ചിത്രം മോഡിയെ ടാഗ് ചെയ്ത് സ്‌കോട്ട് മോറിസണ്‍ പോസ്റ്റ് ചെയ്തത്. സമോസക്കൊപ്പം മാങ്ങാ ചട്‌നിയും അദ്ദേഹം തയ്യാറാക്കി. സ്‌കൊമോസ എന്ന പേരിലാണ് അദ്ദേഹം ട്വിറ്ററില്‍ ചിത്രം പോസ്റ്റ് ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഓസീസ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും ജൂണ്‍ നാലിന് വീഡിയോ കോണ്‍ഫറന്‍സ് വഴി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ലോക്ക്ഡൗണിന് ശേഷം ആദ്യമായാണ് മോഡി വിദേശ രാജ്യതലവനുമായി കൂടിക്കാഴ്ച നടത്തുന്നത്.

കൂടിക്കാഴ്ചയില്‍ വ്യാപാര ബന്ധങ്ങളും ചര്‍ച്ചയാകും. മെഡിക്കല്‍ ഉപകരണങ്ങള്‍, സാങ്കേതിക വിദ്യ തുടങ്ങിയ തന്ത്രപ്രധാന മേഖലകളില്‍ ഇരു രാജ്യങ്ങളും കരാറിലെത്താന്‍ സാധ്യതയുണ്ട്. ചൈന ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കാന്‍ ഓസ്‌ട്രേലിയ ആലോചിക്കുന്നുണ്ട്.

Exit mobile version