കൊറോണ വൈറസ് വെറും ഡ്രസ് റിഹേഴ്‌സല്‍; വരാനിരിക്കുന്നത് ലോകജനസംഖ്യയുടെ പകുതി പേരെയും തുടച്ചു നീക്കുന്ന മഹാമാരി; പകരുന്നത് കോഴികളിലൂടെയെന്ന് അമേരിക്കന്‍ ഗവേഷകന്‍

ന്യൂയോര്‍ക്ക്: ലോകത്തെ ഭീതിയിലാക്കി അമേരിക്കന്‍ ഗവേഷകനായ ഡോ. മൈക്കിള്‍ ഗ്രെഗര്‍ന്റെ പ്രവചനം. ലോകം മുഴുവന്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെക്കാള്‍ മാരകമായ വൈറസ് ലോകത്ത് എത്തുമെന്നാണ് ഗവേഷകനായ ഡോ. മൈക്കിള്‍ ഗ്രെഗര്‍ അവകാശപ്പെടുന്നത്.

കൊറോണ വൈറസ് വെറുമൊരു ഡ്രസ് റിഹേഴ്‌സല്‍ മാത്രമാണ്. ലോകത്തെ ആകെ ജനസംഖ്യയുടെ പകുതിയോളം പേരെ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കുന്ന വലിയൊരു മഹാമാരിക്ക് മുന്നോടിയായുള്ള സൂചന മാത്രമാണ് കൊറോണ എന്നും ഡോ. മൈക്കിള്‍ ഗ്രെഗര്‍ പറയുന്നു.
കൊവിഡ്-19 കാറ്റഗറി രണ്ട് അല്ലെങ്കില്‍ മൂന്ന് ഗണത്തില്‍ പെടുത്താവുന്ന മഹാമാരിയാണ്. മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെ മാത്രം. എന്നാല്‍ ഇനി വരുന്നത് കാറ്റഗറി അഞ്ചില്‍ ഉള്‍പ്പെടുന്നതാകും. രോഗം ബാധിച്ച രണ്ടു പേരില്‍ ഒരാള്‍ ഉറപ്പായും മരിച്ചിരിക്കുമെന്നും മൈക്കിള്‍ ഗ്രെഗര്‍ പറയുന്നു.

മൃഗങ്ങളുമായുള്ള മനുഷ്യന്റെ അക്രമാസക്തമായ ഇടപഴകലാണ് രോഗങ്ങള്‍ക്ക് ഹേതുവായിത്തീരുക. മൃഗങ്ങളെ പരിപാലിക്കുന്നത്, അവയെ കൊന്നു തിന്നുന്നത് ഇവയൊക്കെ മൂലം മഹാമാരികളോടുള്ള പ്രതിരോധത്തില്‍ മനുഷ്യനെ ദുര്‍ബലമാക്കുന്നു- അദ്ദേഹം പറയുന്നു. അടുത്ത വൈറസ് വ്യാപനം കോഴികളില്‍ നിന്നാകാം ഉണ്ടാവുകയെന്നും ഇദ്ദേഹം പ്രവചിക്കുന്നു. ഫാമുകളില്‍ അനാരോഗ്യപരമായ സാഹചര്യത്തില്‍ വളരുന്ന കോഴികളില്‍ നിന്ന് വൈറസ് ബാധയുണ്ടാകുമെന്നാണ് ഇദ്ദേഹം പറയുന്നത്. ഡോ. മൈക്കിള്‍ ഗ്രെഗര്‍ എഴുതിയ ‘ഹൗ ടു സര്‍വ്വൈവ് എ പാന്‍ഡമിക് ‘ എന്ന പുസ്തകത്തിലാണ് ഇക്കാര്യം അദ്ദേഹം പറയുന്നത്.

രോഗം വരുന്നതോടെ ഇന്ന് പ്രബലമായ പല നാഗരികതകളും അപ്രത്യക്ഷമാകും. 800 കോടിവരുന്ന ലോകജനതയെ ആകെ ബാധിക്കുന്ന ആ മഹാമാരി കൊവിഡിനേക്കാള്‍ 100 മടങ്ങ് അപകടകാരിയാകുമെന്നും ഡോ. മൈക്കിള്‍ ഗ്രെഗര്‍ പുസ്തകത്തില്‍ പറയുന്നു. മൃഗങ്ങളുമായുള്ള മനുഷ്യന്റെ ഇടപഴകലാണ് ഇതുവരെ മഹാരോഗങ്ങള്‍ക്ക് കാരണമായതെന്നും മൈക്കിള്‍ പറയുന്നു.

ക്ഷയരോഗത്തിന് കാരണമായ ട്യൂബര്‍കുലോസിസ് ബാക്ടീരിയ ആടുകളില്‍ നിന്നാണ് മനുഷ്യരിലേക്ക് പകര്‍ന്നത്. വസൂരിക്ക് കാരണമായ വൈറസ് ഒട്ടകങ്ങളില്‍ നിന്നും കുഷ്ഠരോഗം പോത്തുകളില്‍ നിന്നുമാണ് മനുഷ്യരിലേക്ക് എത്തിയത്. അതേപോലെ വില്ലന്‍ ചുമയ്ക്ക് കാരണം പന്നികളില് നിന്ന് മനുഷ്യനിലേക്ക് കടന്നുകയറിയ ബാക്ടീരിയ ആണ്. ടൈഫോയിഡ് കോഴികളില്‍ നിന്നും ജലദോഷത്തിന് കാരണമായ വൈറസ് കന്നുകാലികള്‍, കുതിരകള്‍ എന്നിവയില്‍ നിന്നുമാണ് മനുഷ്യനിലേക്കെത്തിയതെന്നും മൈക്കിള്‍ ഗ്രെഗര്‍ പറയുന്നു.

1918-20 വര്‍ഷങ്ങളില്‍ പടര്‍ന്നു പിടിച്ച ഇന്റഫളുവെന്‍സ വൈറസ് മനുഷ്യരിലേക്ക് എത്തിയത് കോഴികളില്‍ നിന്നാണ്. കോഴികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തു പക്ഷികളില്‍ നിന്നാണ് ഇന്റഫളുവെന്‍സ വൈറസ് പടര്‍ന്നത്. മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ മഹാമാരിയായിരുന്നു ഇന്റഫളുവെന്‍സ. അന്നത്തെ ലോകജനസംഖ്യയുടെ മൂന്നിലൊന്നു പേര്‍ക്കും വൈറസ് ബാധിച്ചു. 20-ാം നൂറ്റാണ്ടില്‍ പക്ഷിപ്പനി പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് പുതിയൊരു വൈറസിലേക്കുള്ള പരിവര്‍ത്തന ശ്രമങ്ങളാണെന്നും ഗ്രെഗര്‍ തന്റെ പുസ്തകത്തില്‍ പറയുന്നു.

Exit mobile version