വാഷിംഗ്ടണ്‍: ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ്. ആദ്യഘട്ടത്തില്‍ കൊവിഡ് വൈറസിന്റെ വ്യാപനം തടയാന്‍ സംഘടന ഒന്നും ചെയ്തില്ല. സംഘടനയ്ക്കുള്ള ധനസഹായം അവസാനിപ്പിക്കുമെന്നും തുക മറ്റ് ആരോഗ്യ സംഘടനകള്‍ക്ക് നല്‍കുമെന്നുമാണ് ട്രംപ് അറിയിച്ചത്.
ആവശ്യപ്പെട്ട പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. അതിനാല്‍ ഇന്ന് ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിക്കുന്നുവെന്നും തീരുമാനത്തേപ്പറ്റി വിശദീകരിക്കവേ ട്രംപ് പറഞ്ഞു. അമേരിക്ക പ്രതിവര്‍ഷം 45 കോടി ഡോളറാണ് ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്നത്. അതേസമയം ചൈന നല്‍കുന്നത് വെറും നാല് കോടി ഡോളറും. ഇത്രയും കുറഞ്ഞ തുക കൊടുത്തിട്ടും അവര്‍ ലോകാരോഗ്യ സംഘടനയെ നിയന്ത്രിക്കുന്നുവെന്നും ട്രംപ് ആരോപിച്ചു. അമേരിക്ക നല്‍കിയിരുന്ന ധനസഹായം ഇനി മറ്റ് ആഗോള ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിനായി വിനിയോഗിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
ലോകാരോഗ്യ സംഘടനയ്ക്ക് എതിരെ നേരത്തെയും അമേരിക്ക രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മുപ്പത് ദിവസത്തിനകം രോഗം തടയുന്നതില്‍ കാര്യമായ പുരോഗതി കൈവരിച്ചില്ലെങ്കില്‍ സംഘടനക്കുള്ള ഫണ്ട് സ്ഥിരമായി നിര്‍ത്തലാക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു. 2019 ഡിസംബറില്‍ തന്നെ കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് ലോകാരോഗ്യ സംഘടനയ്ക്ക് അറിവുണ്ടായിരുന്നുവെന്നും ചൈനക്കുവേണ്ടി സംഘടന വിവരങ്ങള്‍ മറച്ചുവെച്ചുവെന്നും നേരത്തെ ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം 18 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഒരു ലക്ഷത്തിലധികം പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. അമേരിക്കയ്ക്ക് പുറമെ ബ്രസീലിലും കൊവിഡ് വൈറസ് കനത്ത നാശം വിതയ്ക്കുന്നത് തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 24,802 പേര്‍ക്കും ബ്രസീലില്‍ 29,526 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ പുതുതായി 1,209 പേരും ബ്രസീലില്‍ 1,180 പേരുമാണ് വൈറസ് ബാധമൂലം മരിച്ചത്.
Discussion about this post