ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കത്തിൽ മധ്യസ്ഥത വഹിക്കാമെന്ന് ആവർത്തിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തള്ളി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. താൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി സംസാരിച്ചെന്നും മോഡി ”അത്ര നല്ല മൂഡിലല്ല”, എന്നുമാണ് ട്രംപ് പ്രതികരിച്ചത്. എന്നാൽ ഏപ്രിൽ ആദ്യവാരം മാത്രമാണ് ട്രംപുമായി മോഡി സംസാരിച്ചെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. ഹൈഡ്രോക്‌സിക്ലോറോക്വിനുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്ന് ചർച്ച ചെയ്തതെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
അതേസമയം, ഇന്ത്യയും ചൈനയും തമ്മിൽ ”വലിയ ഭിന്നത” നടക്കുകയാണെന്നാണ് മാധ്യമപ്രവർത്തകരോട് ട്രംപിന്റെ പ്രതികരണം. എന്നാൽ ഇതും വിദേശകാര്യമന്ത്രാലയം നിഷേധിക്കുന്നു.
”ഇന്ത്യക്കാർക്ക് എന്നെ ഇഷ്ടമാണ്. ഈ രാജ്യത്തെ മാധ്യമപ്രവർത്തകർക്ക് ഉള്ളതിനേക്കാൾ സ്‌നേഹം ഇന്ത്യക്കാർക്ക് എന്നോടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ, എനിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വലിയ ഇഷ്ടമാണ്. നിങ്ങളുടെ പ്രധാനമന്ത്രിയോട് എനിക്ക് വലിയ സ്‌നേഹമുണ്ട്. അദ്ദേഹം മഹാനായ മനുഷ്യനാണ്, ഇന്ത്യയും ചൈനയും തമ്മിൽ… വലിയൊരു ഭിന്നതയുണ്ട്. രണ്ട് രാജ്യങ്ങളിലും 1.4 ബില്യൺ ജനസംഖ്യ വീതമുണ്ട്. രണ്ട് രാജ്യങ്ങൾക്കും ശക്തമായ സൈന്യവുമുണ്ട്. ഇന്ത്യയ്ക്ക് അതൃപ്തികളുണ്ട്. ചൈനയ്ക്കും അതൃപ്തിയുണ്ടെന്നാണ് തോന്നുന്നത്”- ട്രംപിന്റെ വാക്കുകളിങ്ങനെ.
”ഒരു കാര്യം ഞാൻ പറയാം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഞാൻ സംസാരിച്ചു. അദ്ദേഹം നല്ല മൂഡിലായിരുന്നില്ല. ചൈനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യേകിച്ച്, മധ്യസ്ഥചർച്ചയ്ക്ക് ഞാൻ തയ്യാറാണ്, എപ്പോഴും”ട്രംപ് ഇന്ത്യ-ചൈന വിഷയത്തിൽ മധ്യസ്ഥനാകാമെന്ന് ആവർത്തിച്ചതിങ്ങനെ.
എന്നാൽ ഇത് പരോക്ഷമായി തള്ളിക്കളഞ്ഞ ഇന്ത്യ, അതിർത്തിത്തർക്കം സമാധാനപരമായിത്തന്നെ പരിഹരിക്കുമെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ”ചൈനയുമായി ഞങ്ങൾ ചർച്ച നടത്തുകയാണ്. ഇരുഭാഗവും സൈനിക, നയതന്ത്രതലത്തിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾക്ക് തുടക്കമിട്ടുകഴിഞ്ഞു. ചർച്ചകളിലൂടെ ഏത് പ്രശ്‌നങ്ങളും പരിഹരിക്കാമെന്നും, ഈ തലങ്ങളിലൂടെ ആശയവിനിമയം ഫലപ്രദമായി തുടരാമെന്നും ഞങ്ങൾക്കുറപ്പുണ്ട്”-വിദേശമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ ഇന്നലെ ഓൺലൈൻ വഴി വിളിച്ച വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.