ബെയ്ജിങ്: ലോകം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന കൊറോണ വൈറസ് എന്ന വെല്ലുവിളി വലിയൊരു വിപത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണെന്ന് ചൈനയുടെ ‘ബാറ്റ് വുമണ്‍’ ഷി ഷെങ്ലി. അടുത്ത മഹാമാരിയില്‍നിന്ന് മനുഷ്യരെ തടയാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പ്രകൃതിയിലെ വന്യമൃഗങ്ങളില്‍ നിന്നുള്ള ഇത്തരം അജ്ഞാത വൈറസുകളെ കുറിച്ച് മുന്‍കൂട്ടി പഠിക്കണമെന്നും അതിന് നാം തയ്യാറായില്ലെങ്കില്‍ വീണ്ടുമൊരു പൊട്ടിത്തെറി ഉണ്ടായേക്കാമെന്നും അവര്‍ മുന്നറിയിപ്പ് നല്കി.
വവ്വാലുകളിലെ കൊറോണ വൈറസുകളെ കുറിച്ചുള്ള പഠനത്തിലൂടെ പ്രശസ്തയായ വ്യക്തിയാണ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടര്‍ ഷി ഷെങ്ലി.
അതേസമയം ഇത്തരം മഹാമാരികള്‍ക്കെതിരായ പോരാട്ടത്തിന് അന്തരാഷ്ട്ര സഹകരണം ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വൈറസുകളെ കുറിച്ചുള്ള ഗവേഷണത്തിന് ശാസ്ത്രജ്ഞരും സര്‍ക്കാരുകളും സുതാര്യമായും പരസ്പര സഹകരണത്തോടെയും പ്രവര്‍ത്തിക്കണമെന്നും ശാസ്ത്രം രാഷ്ട്രീയവല്ക്കരിക്കുപ്പെടുന്നത് അത്യന്തം ഖേദകരമാണെന്നും ചൈനീസ് ടെലിവിഷന്‍ നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ അവര്‍ പറഞ്ഞു. താന്‍ പഠനവിധേയമാക്കിയ കൊറോണ വൈറസിന്റെ ജനിതക ഘടനയില്‍ നിന്ന് വ്യത്യസ്തമാണ് ഇപ്പോള്‍ മനുഷ്യരില്‍ പടരുന്ന കൊറോണ വൈറസെന്നും മഹാമാരിക്ക് തന്റെ ലാബുമായി യാതൊരു ബന്ധവുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post