തത്സമയ ടെലിവിഷന്‍ അഭിമുഖത്തിനിടെ പാര്‍ലമെന്റ് കെട്ടിടത്തെ കുലുക്കി ഭൂചലനം; ‘കുലുങ്ങാതെ’ പ്രധാനമന്ത്രി ജസീന്ത ആര്‍തേന്‍, വീഡിയോ

വെല്ലിങ്ടണ്‍: പാര്‍ലമെന്റ് കെട്ടിടത്തെ പോലും കുലുക്കിയ ഭൂചലനത്തില്‍ കുലുങ്ങാതെ ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍തേന്‍. തത്സമയ ടെലിവിഷന്‍ അഭിമുഖത്തിനിടെയാണ് ഭൂമിക്കുലുക്കമുണ്ടായത്. എന്നാല്‍ അതിലൊന്നും തന്നെ പതറാതെ അഭിമുഖം തുടരുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

ഭൂചലനത്തിന്റെ അനുഭവം അവതാരകനുമായി ജസീന്ത പങ്കുവെയ്ക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ 8 മണിയോടെയാണ് ന്യൂസിലാന്റില്‍ ലെവിന്‍ മേഖലയ്ക്ക് സമീപം റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂമികുലുക്കമുണ്ടായത്. പാര്‍ലമെന്റ് കെട്ടിടത്തേയും ഭൂകമ്പം കുലുക്കി. ന്യൂസ് ചാനലിന് വേണ്ടി തത്സമയ അഭിമുഖത്തില്‍ പങ്കെടുക്കുകയായിരുന്ന പ്രധാനമന്ത്രിക്കും ഭൂമികുലുക്കം അനുഭവപ്പെട്ടു.

എന്നാല്‍ അതിന്റെ പരിഭ്രമമോ ഭീതിയോ ഒന്നും പ്രധാനമന്ത്രിയുടെ പെരുമാറ്റത്തില്‍ ഉണ്ടായില്ല. ഇവിടെ നല്ലൊരു ഭൂമികുലുക്കമുണ്ടായെന്ന് ജസീന്ത പറഞ്ഞു, എനിക്ക് പിന്നില്‍ സാധനങ്ങള്‍ ചലിക്കുന്നത് കണ്ടോ എന്നും ജസീന്ത ടിവി അവതാരകനോട് ചോദിച്ചു. അപകടകരമായ അവസ്ഥയില്‍ അല്ല താനെന്നും ജസീന്ത അറിയിച്ചു.

Exit mobile version