ബെർലിൻ: ക്രിസ്ത്യൻ ആരാധനാലയങ്ങളിൽ മുസ്ലിം വിശ്വാസികൾക്ക് ഡുമുഅ നമസ്‌കാരത്തിനുള്ള സൗകര്യങ്ങൾ ഒരുക്കി ജർമ്മനിയുടെ നന്മ. സാമൂഹിക അകലം പാലിച്ച് ജുമുഅ നടത്താനായി ബെർലിനിലാണ് ചർച്ചുകൾ മുസ്ലിങ്ങൾക്ക് തുറന്നു നൽകിയത്. 1.5 മീറ്റർ അകലം പാലിച്ച് ആരാധനാലയങ്ങളിൽ പ്രാർത്ഥന നടത്താൻ മെയ് നാലുമുതൽ ജർമനി അനുവാദം നൽകിയിരുന്നു. ബെർലിനിലെ നിയോകോൾ ജില്ലയിലെ ദാർ അസ്സലാം മസ്ജിദിന് സാമൂഹിക നിയന്ത്രണങ്ങൾ പാലിച്ച് ജുമുഅ നടത്താനുള്ള സൗകര്യങ്ങൾ ഇല്ലാതെ വന്നതോടെയാണ് സഹായവുമായി ക്രൂസ്ബർഗിലെ മാർത്ത ലൂഥറൻ ചർച്ച് രംഗത്തുവന്നത്.
ക്രിസ്തീയ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളുടെയും സംഗീത ഉപകരണങ്ങളുടെയും ഇടയിലുള്ള പ്രാർത്ഥന മതസൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണമാവുകയായിരുന്നു. ചർച്ചിൽ വെച്ച് നടത്തിയ പ്രാർത്ഥന മികച്ച അനുഭൂതിയായിരുന്നെന്ന് ജുമുഅക്കെത്തിയ സമീർ ഹംദൂൻ പ്രതികരിച്ചു. ചർച്ചിലെ പാസ്റ്റർ മോണിക്ക മത്തിയാസ് സൗകര്യങ്ങളൊരുക്കുന്നതിൽ സജീവമായി മുന്നിട്ടിറങ്ങുകയും വിശ്വാസികളോട് സംസാരിക്കുകയും ചെയ്തു.
മുസ്‌ലിം ജനസംഖ്യയിൽ യൂറോപ്പിൽ രണ്ടാം സ്ഥാനമാണ് ജർമ്മനിക്ക്. 50ലക്ഷത്തിലേറെ മുസ്ലിം ജനസംഖ്യയാണ് രാജ്യത്തുള്ളത്.