ലാഹോര്‍: പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ എ320 വിമാനം തകര്‍ന്നുവീണ് 97 പേരാണ് മരിച്ചത്. അതേസമയം അപകടത്തില്‍ രണ്ട് പേര്‍ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. ബാങ്ക് ഓഫ് പഞ്ചാബ് സിഇഒ സഫര്‍ മസൂദും, മുഹമ്മദ് സുബൈര്‍ എന്ന ആളുമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
‘എല്ലായിടത്തും തീയായിരുന്നു. എല്ലാവരും അലറുകയായിരുന്നു, ഞാന്‍ എന്റെ സീറ്റ്‌ബെല്‍റ്റ് അഴിച്ച് വെളിച്ചത്തിന് നേരെ എഴുന്നേറ്റു’ എന്നാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട മുഹമ്മദ് സുബൈര്‍ പറഞ്ഞത്. ബാങ്ക് ഓഫ് പഞ്ചാബ് സിഇഒ സഫര്‍ മസൂദ് ആണ് രക്ഷപ്പെട്ട മറ്റൊരാള്‍. അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നുവെന്നാണ് സര്‍ക്കാര്‍ വക്താവ് അബ്ദുര്‍ റഷീദ് ചന്ന പറഞ്ഞത്.
അതേസമയം അപകടത്തില്‍ മരണപ്പെട്ട 19 പേരുടെ മൃതദേഹം മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 60 പേരുടെ മൃതദേഹം ജിന്ന പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കല്‍ സെന്റിലേക്കും 32 പേരുടെ മൃതദേഹം കറാച്ചിയിലെ സിവില്‍ ആശുപത്രിയിലേക്കും മാറ്റിയിരിക്കുന്നതായി പാകിസ്താന്‍ ആരോഗ്യ മന്ത്രാലയ വക്താവ് മീരാന്‍ യൂസുഫ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് കറാച്ചി വിമാനത്താവളത്തിന് സമീപത്തെ ജനവാസമേഖലയില്‍ പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ എ320 വിമാനം തകര്‍ന്നുവീണത്. 91 യാത്രക്കാരും എട്ട് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ പ്രദേശത്തെ നിരവധി വീടുകളും തകര്‍ന്നിരുന്നു. തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
അതേസമയം വിമാനം തകര്‍ന്നു വീഴുന്നതിന് മുമ്പ് മൂന്ന് തവണ ലാന്റിങ്ങിന് ശ്രമിച്ചതായി രക്ഷപ്പെട്ടവര്‍ പറഞ്ഞു. പൈലറ്റ് അയച്ച അവസാന സന്ദേശത്തില്‍ എന്‍ജിന്‍ തകരാര്‍ സംഭവിച്ചെന്ന് പറഞ്ഞതായി പാക് സര്‍ക്കാര്‍ അറിയിച്ചു. പല തവണ ഇറങ്ങാന്‍ റണ്‍വേകള്‍ ഒഴിവുണ്ടെന്ന് കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് പറഞ്ഞെങ്കിലും എഞ്ചിനുകള്‍ കേടാണെന്നും ഇറങ്ങാനാകുന്നില്ലെന്നുമുള്ള സന്ദേശമാണ് ലഭിച്ചത്. ഏറ്റവുമൊടുവില്‍ ‘മെയ് ഡേ മെയ് ഡേ’ എന്ന അപകടസൂചന നല്‍കുന്ന സന്ദേശത്തോടെ ആശയവിനിമയം ഇല്ലാതാവുകയായിരുന്നു എന്നാണ് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയത്.
Discussion about this post