ലണ്ടൻ: കൊവിഡ് വാക്‌സിനായുള്ള പരീക്ഷണം പ്രതീക്ഷിക്കുന്ന വിധത്തിൽ പുരോഗമിക്കുന്നതായി ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി. വാക്‌സിൻ കുത്തിവെയ്പ്പ് ആയിരം പേരിൽ പൂർത്തിയായതോടെ ഏപ്രിൽ മുതൽ ആരംഭിച്ച പരീക്ഷണം രണ്ടാം ഘട്ടത്തിലേക്ക് കടന്നതായും യൂണിവേഴ്‌സിറ്റിയിലെ വാക്‌സിൻ വിദഗ്ധർ വ്യക്തമാക്കി. വിവിധ പ്രായത്തിലുള്ളവരിൽ വാക്‌സിൻ പ്രതിരോധ ശേഷിയിലുണ്ടാക്കുന്ന മാറ്റം തിരിച്ചറിയാൻ 10260 ഓളം മുതിർന്നവരേയും കുട്ടികളേയും ഉൾക്കൊള്ളിച്ച് കൊണ്ടാണ് പരീക്ഷണത്തിന്റെ അടുത്ത ഘട്ടമെന്നും യൂണിവേഴ്‌സിറ്റി അറിയിച്ചു.
ക്ലിനിക്കൽ പഠനങ്ങൾ നന്നായി പുരോഗമിക്കുകയാണ്. പ്രായമാവരിൽ വാക്‌സിൻ പ്രതിരോധ പ്രതികരണം എത്രമാത്രം ഫലപ്രദമാണെന്ന് വിലയിരുത്താനും വലിയൊരു വിഭാഗം ജനങ്ങൾക്ക് ഇതിലൂടെ സംരക്ഷണം നൽകാൻ കഴിയുമോ എന്നും പരിശോധിക്കാനായി പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ഓക്‌സ്ഫഡ് വാക്‌സിൻ ഗ്രൂപ്പ് മേധാവി ആൻഡ്രു പൊള്ളാർഡ് പറഞ്ഞു.
വാക്‌സിന്റെ ഗുണഫലത്തെ കുറിച്ച് സെപ്തംബറോടെ പ്രാരംഭ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ. പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള വലിയൊരു വിഭാഗം ജനങ്ങളിൽ വാക്‌സിൻ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാനുള്ള പഠനമാണ് മൂന്നാം ഘട്ടത്തിൽ നടക്കുക.
വാക്‌സിൻ സുരക്ഷയും പ്രതിരോധവും എത്രത്തോളമാണെന്ന് കണ്ടെത്താൻ കൊവിഡ് 19 വാക്‌സിൻ പരീക്ഷണ സംഘം കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ സാറ ഗിൽബെർട്ട് പറഞ്ഞു.