മൂന്ന് ദിവസം അമേരിക്കന്‍ പതാക പകുതി താഴ്ത്തിക്കെട്ടും; കൊറോണ ബാധിച്ച് മരിച്ച പൗരന്മാരോടുള്ള ആദര സൂചകമെന്ന് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ പതാക പകുതി താഴ്ത്തിക്കെട്ടുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ ബാധിച്ച് മരിച്ച പൗരന്മാരോടുള്ള ആദര സൂചകമായാണ് പതാക പകുതി താഴ്ത്തിക്കെട്ടുന്നത്. മൂന്ന് ദിവസമാണ് പതാക പകുതി താഴ്ത്തിക്കെട്ടുകയെന്ന് ട്രംപ് അറിയിച്ചു.

എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഉയര്‍ത്തിയിട്ടുള്ള അമേരിക്കന്‍ പതാക അടുത്ത മൂന്നുദിവസത്തേക്ക് പാതി താഴ്ത്തി കെട്ടണമെന്നാണ് ട്രംപ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വരുന്ന തിങ്കളാഴ്ച അമേരിക്കയ്ക്ക് വേണ്ടി സേവനമനുഷ്ഠിച്ച് മരണമടഞ്ഞ സൈനികര്‍ക്ക് വേണ്ടിയുള്ള ഓര്‍മ ദിവസമാണ്.

അന്ന് രാജ്യത്തിന് അവധി ദിനം കൂടിയാണ്. അന്നേദിവസം കൊറോണ പോരാട്ടത്തില്‍ ജീവന്‍ വെടിഞ്ഞവര്‍ക്കും ആദരമര്‍പ്പിക്കാനാണ് ട്രംപിന്റെ ആഹ്വാനം. അമേരിക്കയില്‍ കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷത്തോട് അടുക്കുകയാണ്.

ഈ സാഹചര്യത്തിലാണ് അമേരിക്ക ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. നിലവില്‍ 94,702 പേരാണ് അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചത്. 15 ലക്ഷത്തിനുമുകളില്‍ ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോകത്ത് ഏറ്റവുമധികം ആളുകളില്‍ കൊറോണ ബാധിച്ചത് അമേരിക്കയിലാണ്.

Exit mobile version