ആവശ്യക്കാരുടെ എണ്ണം കുറഞ്ഞു; ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ അമേരിക്കയിലും കാനഡയിലും വില്‍പന നിര്‍ത്തുന്നു

കാനഡ: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ അമേരിക്കയിലും കാനഡയിലും ബേബി പൗഡറിന്റെ വില്‍പന നിര്‍ത്തുന്നു. പൗഡറിന്റെ സുരക്ഷയെ കുറിച്ച് തെറ്റായ വിവരങ്ങള്‍ സമൂഹത്തില്‍ പരക്കുന്നത് കാരണം നോര്‍ത്ത് അമേരിക്കയില്‍ ബേബി പൗഡര്‍ ആവശ്യമുള്ളവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും അതുകൊണ്ടാണ് വില്‍പന നിര്‍ത്തുന്നതെന്നുമാണ് കമ്പനി നല്‍കിയ വിശദീകരണം.

അതേസമയം ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡറില്‍ കാന്‍സറിന് കാരണമാവുന്ന രാസവസ്തുക്കളുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കമ്പനിക്കെതിരെ പല കോടതികളിലായി 16000 കേസുകളാണ് നിലവിലുള്ളത്. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡറില്‍ കാന്‍സറിന് കാരണാവുന്ന മാരകമായ ആസ്ബസ്റ്റോസുണ്ടെന്നാണ് പരാതി. ഈ പരാതിയെ തുടര്‍ന്ന് കോടിക്കണക്കിന് രൂപ ഇതിനോടകം കമ്പനിക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടിയും വന്നിട്ടുണ്ട്. 1980 മുതലാണ് പ്രധാനമായും ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉല്‍പന്നങ്ങള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നുതുടങ്ങിയത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വ്യാപകമായ പരാതിയെ തുടര്‍ന്ന് 33000 ബോട്ടില്‍ ബേബി പൗഡറാണ് കമ്പനി തിരിച്ച് വിളിച്ചത്. ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ പൗഡറില്‍ യുഎസ് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ കാന്‍സറിന് കാരണാവുന്ന മാരക വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഈ നടപടി. ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഉല്‍പന്നം തിരിച്ചുവിളിക്കുന്ന സാഹചര്യം ഉണ്ടായത്.

Exit mobile version