ന്യൂഡൽഹി: ഇന്ത്യ കൊവിഡ് പ്രതിരോധത്തിനായി ഹൈഡ്രോക്‌സിക്ലോറോക്വിൻ ഗുളികകൾ കയറ്റി അയച്ചതിന് പകരമായല്ല 200 വെന്റിലേറ്ററുകൾ ഇന്ത്യയിലേക്ക് അയക്കാൻ തീരുമാനിച്ചതെന്ന് യുഎസ്. രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് USAID ആക്ടിങ് ഡയറക്ടർ റമോണ എൽ ഹംസോയി പറഞ്ഞു.
ഏതൊക്കെ രീതിയിൽ സഹായിക്കാൻ പറ്റുമോ, ആ രീതിയിലൊക്കെ പിന്തുണയും സഹകരണവും നൽകുകയാണ് എല്ലാ രാജ്യങ്ങളും. കൊവിഡ് പ്രതിരോധത്തിൽ മെഡിക്കൽ ഉപകരണങ്ങൾ ആവശ്യമുള്ള രാജ്യങ്ങൾക്ക് ഞങ്ങൾ അത് നൽകുന്നു. യുഎസ് മാർക്കറ്റിൽ ആവശ്യത്തിന് ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കിയതിനുശേഷമാണ് ഈ കൈമാറ്റമെന്നും അദ്ദേഹം വിശദീകരിച്ചു.
ആദ്യഘട്ടത്തിൽ ഇന്ത്യയിലേക്ക് 50 വെന്റിലേറ്ററുകൾ അയച്ചെന്നും ശേഷിക്കുന്ന 150 എണ്ണം വിവിധ ഘട്ടങ്ങളിലായി അയക്കുമെന്നും റമോണ വ്യക്തമാക്കി. കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യയ്ക്ക് ആവശ്യമായ വെന്റിലേറ്ററുകൾ നൽകുമെന്ന് ട്രംപ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.