വാഷിങ്ടൺ: മലേറിയ ചികിത്സയ്ക്കുള്ള മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിൻ കൊവിഡ് ചികിത്സയുടെ ഭാഗമാക്കുന്നതിൽ അവ്യക്തത തുടരുന്നതിനിടെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡൊണാൽഡ് ട്രംപ്. താൻ ഒരാഴ്ചയായി ഈ മരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെന്നാണ് ട്രംപിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ഒരാഴ്ചയായി താൻ സ്ഥിരമായി ഹൈഡ്രോക്‌സിക്ലോറോക്വിൻ കഴിക്കുന്നുണ്ടെന്നാണ് പ്രസിഡന്റ് ട്രംപ് പറയുന്നത്.
നിലവിൽ ട്രംപിന്റെ കൊവിഡ് പരിശോധനാ ഫലങ്ങൾ നെഗറ്റീവാണ്. കൊവിഡിന് സമാനമായ ലക്ഷണങ്ങൾ ഒന്നുംതന്നെയില്ല. എന്നാൽ പ്രതിരോധത്തിന്റെ ഭാഗമായാണ് താൻ മരുന്ന് കഴിക്കുന്നതെന്നാണ് ട്രംപിന്റെ വാദം. ദിവസവും ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഗുളികയിലൊന്ന് താൻ കഴിക്കാറുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഇത് നല്ലതാണെന്നാണ് താൻ കരുതുന്നതെന്നും മരുന്നിനെപ്പറ്റി ശുഭകരമായ പല വാർത്തകളും താൻ കേട്ടതിനാലാണ് മരുന്ന് കഴിക്കുന്നതെന്നാണ് ട്രംപ് വിശദീകരിക്കുന്നത്.
നിരവധി ആളുകൾ ഈ മരുന്ന് കഴിക്കുന്നുണ്ട്. പ്രത്യേകിച്ച് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്നവർ. ഞാനും അത് കഴിക്കുന്നു. ആഴ്ചകൾക്ക് മുമ്പെ മരുന്ന് കഴിക്കാൻ ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൊവിഡ് ചികിത്സക്ക് മരുന്ന് ഉപയോഗിക്കുന്നത് ദൂഷ്യഫലങ്ങളുണ്ടാക്കുമെന്നാണ് അമേരിക്കയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
Discussion about this post