ബാങ്കോക്ക്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലെ ലോക്ക് ഡൗൺ കമ്പനിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയതോടെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിക്കുമെന്ന് തായ് എയർവേയ്‌സ്. പുനരുജ്ജീവന പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി നേരത്തെ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ, ഇനി അതുകൊണ്ട് പ്രയോജനമുണ്ടെന്ന് തോന്നുന്നില്ലെന്ന് കമ്പനി വക്താവ് പറഞ്ഞു.
പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിക്കാനുള്ള നീക്കത്തിന് തായ്‌ലൻഡ് പ്രധാനമന്ത്രി അധ്യക്ഷനായ സമിതി തത്വത്തിൽ അംഗീകാരം നൽകിക്കഴിഞ്ഞു. 180 കോടി അമേരിക്കൻ ഡോളറിന്റെ സാമ്പത്തിക സഹായം തായ്‌ലൻഡ് സർക്കാരിനോട് അഭ്യർഥിക്കാൻ കമ്പനി നേരത്തെ തീരുമാനിച്ചിരുന്നു. 2017 മുതൽ കമ്പനി നഷ്ടത്തിലാണ്.
പുനരുജ്ജീവന പാക്കേജ് നടപ്പാക്കുന്നത് സംബന്ധിച്ച വിശദമായ മാർഗരേഖ സമർപ്പിക്കാൻ തായ്‌ലൻഡ് സർക്കാർ നേരത്തെ കമ്പനിക്ക് അന്ത്യശാസനം നൽകിയിരുന്നു. കനത്ത നഷ്ടമാണ് കമ്പനി കഴിഞ്ഞ വർഷവും രേഖപ്പെടുത്തിയത്. ഇതേത്തുടർന്ന് സാമ്പത്തിക ഫലം പ്രസിദ്ധീകരിക്കുന്നതിന് തായ്‌ലൻഡ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനോട് കൂടുതൽ സമയം ചോദിച്ചിരുന്നു.
Discussion about this post