ജനീവ: കൊവിഡ് കൊണ്ടുവന്ന പ്രതിസന്ധിയെ കുറിച്ചും അത് ലോകാരോഗ്യ സംഘടന കൈകാര്യം ചെയ്ത രീതിയെ കുറിച്ചും സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ഇന്ത്യയടക്കം 62 രാജ്യങ്ങൾ രംഗത്ത്. കോവിഡ് 19 മഹാമാരിക്കെതിരേയുള്ള ലോകാരോഗ്യ സംഘടനയുടെ പ്രതികരണങ്ങളിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രമേയത്തെ ഇന്ത്യയടക്കം 62 രാജ്യങ്ങൾ പിന്തുണച്ചു.
ഓസ്ട്രേലിയയും യൂറോപ്യൻ യൂണിയനുമാണ് ഇത്തരമൊരാവശ്യവുമായി മുന്നോട്ട് വന്നത്. ഇന്ന് തുടങ്ങുന്ന 73ാമത് വേൾഡ് ഹെൽത്ത് അസംബ്ലിയിൽ വിഷയത്തിന്റെ കരട് പ്രമേയം മുന്നോട്ടുവെക്കും. കൊവിഡ് പൊട്ടിപ്പുറപ്പെട്ടത് എങ്ങനെയെന്ന അന്വേഷിക്കണമെന്നും കരട് ആവശ്യപ്പെടുന്നുണ്ട്. കൊറോണ വൈറസ് പ്രതിസന്ധിയെക്കുറിച്ച് ‘നിഷ്പക്ഷവും സ്വതന്ത്രവും സമഗ്രവുമായ’ അന്വേഷണം വേണം. അതു കൂടാതെ ലോകാരോഗ്യ സംഘടനയുടെ ‘കൊവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട സമയബന്ധിതമായ നടപടികളെക്കുറിച്ചും അന്വേഷണം നടത്തണം’, കരട് ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, രോഗവ്യാപനം ആദ്യമായുണ്ടായ ചൈനയെയോ വുഹാൻ നഗരത്തെയോ കുറിച്ച് പ്രമേയം പരാമർശിച്ചില്ല. ജപ്പാൻ, യുകെ, ന്യൂസിലാന്റ്, ദക്ഷിണ കൊറിയ, ബ്രസീൽ, കാനഡ എന്നിവയാണ് യൂറോപ്യൻ യൂണിയന്റെ കരടിനെ പിന്തുണച്ച മറ്റ് പ്രധാന രാജ്യങ്ങൾ.
അംഗരാജ്യങ്ങളോടാലോചിച്ച് പടിപടിയായി സ്വതന്ത്രവും നിഷ്പക്ഷവും സമഗ്രവുമായ വിലയിരുത്തൽ നടത്തണം. നിലവിലുള്ള രീതിയും ഘടനയും യുക്തമാണോ എന്ന് അന്വേഷിക്കണം. ലോകാരോഗ്യസംഘടന എടുത്ത കൊവിഡ് പ്രതിരോധ നടപടികൾ വിലയിരുത്തണം എന്നും കരട് റിപ്പോർട്ട് ആവശ്യപ്പെടുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതെങ്ങനെ എന്നതിനെക്കുറിച്ച് സമഗ്ര അന്വേഷണവും ഈ രാജ്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സ്വതന്ത്ര അന്വേഷണം വേണമെന്ന് കഴിഞ്ഞ മാസം ഓസ്ട്രേലിയ ആവശ്യപ്പെട്ടിരുന്നു.
കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കാൻ ലോകാരോഗ്യ സംഘടനയെ തന്നെ അനുവദിക്കുന്നത് ‘വേട്ടക്കാരനെയും ഗെയിംകീപ്പറെയുമാണ്’ ഓർമ്മിപ്പിക്കുന്നതെന്ന് ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി മാരിസ് പെയ്ൻ പറഞ്ഞു.
Discussion about this post