ജനീവ: പൊതുസ്ഥലങ്ങളിലും വീഥികളിലും അണുനാശിനി തളിക്കുന്നത് കൊണ്ട് പുതിയ കൊറോണ വൈറസിനെ അകറ്റാന്‍ സാധിക്കില്ലെന്ന് ലോകാരോഗ്യസംഘടന. അതേസമയം ഇതുമൂലം ആരോഗ്യപരമായ ചില അപകടങ്ങള്‍ മനുഷ്യര്‍ക്ക് ഉണ്ടാകുമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. അണുവിമുക്തമാക്കുന്നതിനായി പൊതുയിടങ്ങളില്‍ അണുനാശിനി പ്രയോഗിക്കുന്നത് വ്യാപകമായതോടെയാണ് ലോകാരോഗ്യ സംഘടന ഇത്തരത്തിലൊരു മുന്നറിയിപ്പ് നല്‍കിയത്.
തെരുവുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും അണുനാശിനിയെ നിര്‍വീര്യമാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം സ്ഥലങ്ങളില്‍ അണുനാശിനി തളിച്ചോ പുകച്ചോ കൊറോണ വൈറസിനെയോ മറ്റ് രോഗാണുക്കളെയോ അകറ്റാമെന്നത് തെറ്റിദ്ധാരണയാണെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയത്.
പൊതുസ്ഥലങ്ങിളും വീഥികളും രോഗാണുക്കളുടെ സംഭരണശാലകള്‍ അല്ലെന്നും പൊതുസ്ഥലങ്ങളിലെ അനാവശ്യമായ അണുനാശിനി പ്രയോഗം മനുഷ്യരില്‍ ദോഷഫലങ്ങള്‍ ഉണ്ടാക്കുമെന്നുമാണ് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്‍കി. അണുനാശിനി പ്രയോഗം മനുഷ്യനെ ശാരീരികമായും മാനസികമായും ദോഷകരമായി ബാധിക്കുമെന്ന് മാത്രമല്ല വൈറസ് ബാധിതനായ വ്യക്തിയുടെ ശരീരസ്രവങ്ങളിലുടെ രോഗം പകരുന്നത് തടയാന്‍ ഇത് മൂലം സാധിക്കില്ലെന്നും ഡബ്ല്യുഎച്ച്ഒ പുറത്തിറക്കിയ പ്രത്യേക കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ക്ലോറിനും അതുപോലെയുള്ള രാസവസ്തുക്കളും കണ്ണ്, ത്വക്ക്, ശ്വാസകോശം, ആമാശയം എന്നി ശരീരഭാഗങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കാന്‍ ഇടയുണ്ടെന്നും കുറിപ്പില്‍ പറയുന്നുണ്ട്. അതേസമയം അണുനാശിനി തുണിയോ മറ്റോ ഉപയോഗിച്ച് പുരട്ടുകയാണ് വേണ്ടതെന്നും തളിക്കുന്നത് പ്രയോജനം ചെയ്യില്ലെന്നുമാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയത്. ഇതിനുപുറമെ അണുനാശിനി പ്രയോഗം വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഇത് പ്രയോജനരഹിതമാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി