വാഷിങ്ടണ്‍: ടെക്സസ് ജയിലില്‍ നരച്ച തലമുടിയുമായി ഒരാളെ വീല്‍ചെയറില്‍ കനത്ത സുരക്ഷയുടെ അകമ്പടിയോടെ കൊണ്ടു വരുന്നത് കാണാം. അത് മറ്റാരുമല്ല അമേരിക്കയുടെ ചരിത്രത്തെ പോലും മാറ്റിമറിച്ച കൊടുംകുറ്റവാളിയാണ്. ഓര്‍മ്മകള്‍ പാതി മറഞ്ഞ് പോയെങ്കിലും ഇടയ്ക്ക് പൊടിതട്ടിയെടുക്കും ഒഴുകുന്ന ആ രക്തത്തിന്റെ മണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലെ വിവിധയിടങ്ങളില്‍ ചെയ്ത കൊലപാതകങ്ങള്‍ അയാള്‍ വിവരിക്കും. അമേരിക്കയെ പോലും ഞെട്ടിച്ച് 90 കൊലപാതകങ്ങളാണ് ഇയാള്‍ നടത്തിയത്.
സ്ത്രീകള്‍ ആയിരുന്നു ഇയാളുടെ ഇരകള്‍. നിശാക്ലബിലും തെരുവിലുമുള്ള നിരവധി സ്ത്രീകളെയാണ് ഇയാള്‍ വകവരുത്തിയത്. 1980ല്‍ ലോസ് ഏഞ്ചല്‍സില്‍ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്തിയതിന് കോടതി അയാള്‍ മൂന്ന് ജീവപര്യന്തം തടവ് വിധിച്ചു. എന്നാല്‍ ആ കൊലപാതകക്കഥ അവിടെ തീരുന്നതായിരുന്നില്ല. അമേരിക്കയിലെ 14 സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം സാമുവലിലേക്ക് നീണ്ടു. ഇതിനായി വര്‍ഷങ്ങളായ ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ചു വരികയായിരുന്നു. അങ്ങനെ 30 കൊലപാതകങ്ങളിലെ പങ്ക് തെളിഞ്ഞു.
അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തിയത് സാമുവലാണെന്ന് ടെക്സസ് കോടതി സ്ഥിരീകരിക്കുന്നു. ഇതിന് മുമ്പ് 49 പേരെ കൊന്ന ഗാരി റിഡ്ജിവാണ് അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കൊലപാതകം നടത്തിയിട്ടുള്ളത്. 1956ല്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് സാമുവലിനെ ആദ്യമായി ഒരു കേസില്‍ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് ദുര്‍ഗുണപരിപാലനശാലയില്‍ പാര്‍പ്പിച്ചു. 1975ല്‍ 11 സംസ്ഥാനങ്ങളിലായി നടത്തിയ വിവിധ കുറ്റകൃത്യങ്ങള്‍ക്ക് 26 തവണ അറസ്റ്റ് ചെയ്യപ്പെട്ടു.
പിന്നീട് 1982ല്‍ 22 വയസ്സുള്ള ലൈംഗികത്തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട് വീണ്ടും അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. 1984ല്‍ വീണ്ടും അറസ്റ്റിലായി. ഓരോ മോചനത്തിനുമിടയിലാണ് സാമുവല്‍ കുറ്റകൃത്യം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അമേരിക്കയെ ഞെട്ടിച്ച 90 കൊലപാതകക്കേസിലെ കുറ്റവാളി ഇപ്പോള്‍ ടെക്സസില്‍ വിചാരണത്തടവുകാരനാണ്.
Discussion about this post