പെൻസിൽവാനിയ: കൊവിഡുമായി ബന്ധപ്പെട്ട നിർണായകമായ കണ്ടെത്തൽ നടത്താനിരിക്കെ അമേരിക്കയിൽ കൊവിഡ് ഗവേഷകനായ ചൈനീസ് വംശജൻ വെടിയേറ്റു കൊല്ലപ്പെട്ടു. ബുധനാഴ്ച്ചയാണ് സംഭവം. പിറ്റ്സ്ബെർഗ് സർവകലാശാലയിലെ പ്രൊഫസർ ബിങ് ലിയു (37) ആണ് കൊല്ലപ്പെട്ടത്. അതേസമയം, കൊവിഡുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തൽ നടത്താനിരിക്കെയാണ് ലിയു കൊല്ലപ്പെട്ടതെന്ന് സഹപ്രവർത്തകർ പറയുന്നു.
റോസ് ടൗൺഷിപ്പിലെ വീട്ടിലാണ് വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. തലയ്ക്കും കഴുത്തിനും വെടിയേറ്റ നിലയിലായിരുന്നു. ലിയൂവിനെ കൊലപ്പെടുത്തിയെന്ന് കരുതുന്ന ഹാവോ ഗു(43) എന്നയാളുടെ മൃതദേഹവും കാറിൽ നിന്നും കണ്ടെത്തി. ലിയൂവിനെ കൊലപ്പെടുത്തിയ ശേഷം കാറിലെത്തിയ ഹാവോ സ്വയം വെടിയുതിർത്ത് മരിച്ചതാകാമെന്നാണ് പോലീസ് പറയുന്നത്. ഇരുവരും പരസ്പരം അറിയാമായിരിക്കുമെന്നാണ് പോലീസിന്റെ അനുമാനം.
അതേസമയം, ലിയു ചൈനീസ് വംശജനായതുകൊണ്ടാണ് കൊലപ്പെടുത്തിയത് എന്നതിന് നിലവിൽ തെളിവുകളില്ലെന്നും പോലീസ് വ്യക്തമാക്കി. കൊറോണ വൈറസിന്റെ സെല്ലുലാർ മെക്കാനിസവുമായി ബന്ധപ്പെട്ട കാര്യങ്ങളിലായിരുന്നു ലിയുവിന്റെ ഗവേഷണം. ലിയുവിന്റെ മരണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി പിറ്റ്സ്ബെർഗ് സർവകലാശാല പ്രസ്താവന പുറത്തിറക്കി.
Discussion about this post