റോം: കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന വാക്‌സിൻ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഇറ്റലി. ഈ വാക്‌സിൻ മനുഷ്യ കോശങ്ങളിൽ ഫലപ്രദമായെന്നാണ് ഇറ്റലിയിലെ റോം ലസാറോ സ്പല്ലൻസാനി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഫക്ഷ്യസ് ഡിസീസിന്റെ റിപ്പോർട്ടുകൾ പറയുന്നു. റോമിലെ ലസാറോ സ്പല്ലൻസാനി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഫക്ഷ്യസ് ഡിസീസിലായിരുന്നു വാക്‌സിൻ പരീക്ഷണം നടത്തിയത്. വാക്‌സിൻ വികസിപ്പിച്ചെന്ന ഇസ്രയേലിന്റെ പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെയാണ് ഇറ്റലിയും രംഗത്തെത്തിയിരിക്കുന്നത്. എലികളിലുള്ള പരീക്ഷണമാണ് വിജയകരമായി പൂർത്തിയാക്കിയത്. ഇനി മനുഷ്യരിലുള്ള പരീക്ഷണം ഉടൻ ആരംഭിക്കും.
ഇനി പരീക്ഷണത്തിന്റെ നിർണ്ണായക ഘട്ടമാണ്. വേനൽകാലത്തിനു ശേഷം മനുഷ്യരിൽ നേരിട്ട് പരീക്ഷിക്കുമെന്ന് വാക്‌സിൻ വികസിപ്പിച്ച ടാകിസ് സ്ഥാപനത്തിന്റെ സിഇഒ ല്യൂഗി ഔറിസിചിയോ വ്യക്തമാക്കി. എലികളിൽ നടത്തിയ പരീക്ഷണത്തിലൂടെ സൃഷ്ടിച്ച ആന്റിബോഡിയുടെ സഹായത്തോടെയാണ് വാക്‌സിനും വികസിപ്പിച്ചത്. ഈ വാക്‌സിൻ പരീക്ഷണശാലയിലെ മനുഷ്യ കോശങ്ങളിൽ പ്രവർത്തിക്കുന്നതായും പരീക്ഷണത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞർ അവകാശപ്പെട്ടു.
വാക്‌സിൻ മനുഷ്യകോശങ്ങളിലെ നോവൽ കൊറോണ വൈറസിനെ നിർവീര്യമാക്കിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് സയൻസ് ടൈംസിലെ റിപ്പോർട്ട് പറയുന്നു.