ന്യൂയോര്‍ക്ക്: ലോകത്തെ മുഴുവന്‍ ഭീതിയിലാക്കിയ കൊവിഡിന് വാക്സിന് കണ്ടുപിടിക്കാതെ പോയേക്കാമെന്ന മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന പ്രതിനിധിയും ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ ഗ്ലോബല്‍ ഹെല്‍ത്ത് പ്രഫസര്‍ കൂടിയായ ഡോ. ഡേവിഡ് നബാറോയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഡങ്ക്യു, എച്ച്.ഐ.വി തുടങ്ങിയ വൈറസുകളെപ്പോലെ കൊവിഡിനും വാക്സിന് കണ്ടുപിടിക്കാതെ പോയേക്കാമെന്നാണ് ഡേവിഡ് നബാറോ പറയുന്നത്. ‘ഇപ്പോഴും വാക്സിന് കണ്ടുപിടിക്കാത്ത നിരവധി വൈറസുകളുണ്ട്. അതുകൊണ്ടുതന്നെ, കൊറോണക്കും വാക്സിന് വരാം, വരാതിരിക്കാം. ചിലപ്പോള്‍ ഇനിയും മരണങ്ങള് സംഭവിക്കാം. പല കാലങ്ങളിലായി ലോക്ക് ഡൌണുകള്ക്കും നാം സാക്ഷ്യം വഹിച്ചേക്കാം. അതത് സമൂഹങ്ങള്‍ കൊവിഡിനെതിരെ കൃത്യമായ രീതിയില്‍ പ്രതിരോധം നടത്താന്‍ പ്രാപ്തരാണെന്ന് ഉറപ്പ് വരുത്തുകയാണ് വേണ്ടത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്നിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതെസമയം ഓക്സ്ഫോര്‍ഡില്‍ വികസിപ്പിച്ചുവരുന്ന വാക്സിന് പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് വ്യാപനം ചൈനയിലെ ലാബില്‍ നിന്നാണെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ വാദത്തെ ലോകാരോഗ്യ സംഘടന തള്ളിയിരുന്നു. ആരോപണങ്ങള്‍ ഉന്നയിക്കുന്നതല്ലാതെ ട്രംപ് തെളിവുകളുമായി എത്തുന്നില്ല എന്നും ഡബ്ല്യു.എച്ച്.ഒ കുറപ്പെടുത്തിയിരുന്നു.
Discussion about this post