കൊവിഡ് ബാധ കാരണം ജൂൺ മുതൽ യുഎസിൽ ദിവസേനെ 3000ത്തോളം മരണങ്ങൾക്ക് സാധ്യത; പുതിയ പഠനവുമായി ഗവേഷകൻ

ന്യൂയോർക്ക്: ജൂൺ മാസത്തോടുകൂടി യുഎസിലെ കൊവിഡ് മരണ നിരക്കിൽ വൻവർധനവുണ്ടാവുമെന്ന് പഠനം. ജൂൺ ഒന്നോടു കൂടി ദിവസേന 3000 മരണം വരെ നടക്കാൻ സാധ്യതയെന്നാണ് ജോൺസ് ഹോപ്കിൻസ് ആരോഗ്യകേന്ദ്രത്തിലെ ഒരു ഗവേഷകന്റെ പഠന റിപ്പോർട്ട് പറയുന്നത്. ഒപ്പം ദിവസേനെയുള്ള രോഗവ്യാപനം 200000 ത്തിലെത്തിനിടയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സിഡിസി) പ്രിവൻഷൻ സിറ്റുവേഷൻ അപ്‌ഡേറ്റ് എന്ന ഡോക്യുമെന്റിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. മേയ് 14-ഓടെ കൊവിഡ് വ്യാപനത്തിലും മരണത്തിലും കാര്യമായ വർധനവ് ഉണ്ടാവുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ജോൺസ് ഹോപ്കിൻസ് ആരോഗ്യകേന്ദ്രത്തിലെ ഒരു ഗവേഷകൻ സമർപ്പിച്ച പഠന റിപ്പോർട്ട് ആണ് ഈ ഡോക്യുമെന്റിന് ആധാരം. വാഷിംഗ്ടൺ പോസ്റ്റിനും ന്യൂയോർക്ക് ടൈംസിനുമാണ് ഈ രേഖകൾ ലഭിച്ചിരിക്കുന്നത്. നിലവിൽ 1000 ത്തിനും 2000 ത്തിനും ഇടയിലാണ് യുഎസിൽ ദിവസേനെയുള്ള കൊവിഡ് മരണങ്ങൾ. 25000 മുതൽ 30000 വരെയാണ് നിലവിലെ രോഗവ്യാപന നിരക്ക്.

റിപ്പോർട്ടിൽ പറയുന്ന ദിനം പ്രതി 3000 മരണം നടക്കുകയാണെങ്കിൽ ജൂൺ മാസത്തിൽ 90000 പേരാണ് അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിക്കുക. അമേരിക്കയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ അയവു വരുത്തുന്നതിനിടെയാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. അതേ സമയം ഈ രേഖകൾ വൈറ്റ് ഹൗസിലെ കൊവിഡ് ടാസ്‌ക് ഫോർസ് പരിശോധിച്ചിട്ടില്ല.

Exit mobile version