ജനീവ: ചൈനയിലെ വുഹാനിലെ ലാബിൽ നിന്നാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ വാദങ്ങളെ തള്ളി ലോകാരോഗ്യ സംഘടന. ഇത്തരത്തിലുള്ള വാദങ്ങളെ സാധൂകരിക്കുന്ന ഒരു തെളിവും ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് ലോകാരോഗ്യസംഘടന പ്രതികരിച്ചു.
വൈറസിന്റെ ഉത്ഭവം സംഭവിച്ച വാദങ്ങളെ തെളിയിക്കുന്ന ഒന്നും ഇതുവരെ തങ്ങൾക്ക് ലഭിച്ചിട്ടില്ല. അതിനാൽ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച വാദങ്ങൾ വെറും ഊഹാപോഹമായി തുടരുന്നുവെന്ന് ലോകാരോഗ്യസംഘടനാ എമർജൻസി വിഭാഗം ഡയറക്ടർ മൈക്കിൾ റയാൻ പറഞ്ഞു.
അതേസമയം വുഹാൻ ലാബിൽ നിന്നും പുറത്തുവന്നതാണെന്നും ഇത് കൈകാര്യം ചെയ്യുന്നതിൽ ചൈനയ്ക്ക് വലിയ വീഴ്ച പറ്റിയെന്നുമാണ് ട്രംപ് ആവർത്തിക്കുന്നത്. വൈറസ് വൈറോളജി ലാബിൽ നിന്നും ചോർന്നതാണെന്നത് സംബന്ധിച്ച് യുഎസിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് യുഎസ് സെക്രട്ടറി മൈക് പോംപിയോയും കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
എന്നാൽ ഇതിനെയെല്ലാം തള്ളിക്കളയുന്നതാണ് ഇപ്പോൾ ലോകാരോഗ്യസംഘടനയുടെ പ്രതികരണം.