പാരീസ്: കൊവിഡ് 19 വൈറസ് ഫ്രാന്‍സില്‍ ഡിസംബറില്‍ തന്നെ എത്തിയിരുന്നുവെന്ന് ഫ്രഞ്ച് ഡോക്ടര്‍. ഡിസംബര്‍ 27ന് പാരീസില്‍ ന്യൂമോണിയ ബാധിച്ച് ചികിത്സ തേടിയ ഒരാള്‍ക്ക് കൊവിഡ് വൈറസ് ബാധയായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞുവെന്ന് ഫ്രഞ്ച് മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇയാളുടെ ചികിത്സാ സമയത്ത് ഉപയോഗിച്ച പഞ്ഞി ഇപ്പോള്‍ പരിശോധിച്ചതില്‍ നിന്നാണ് രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ഡോ. യെവ്സ് കോഹന് ഫ്രഞ്ച് മാധ്യമങ്ങളോട് പറഞ്ഞത്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഫ്ളൂ ലക്ഷണങ്ങളുമായി എത്തിയ രോഗികളുടെ ഫയല്‍ പരിശോധിച്ചാണ് ഡോക്ടര്‍ യെവ്സ് കോഹന് ഈ നിഗമനത്തില്‍ എത്തിയത്.
അതേസമയം അമ്പത് വയസുള്ള രോഗിക്ക് അസുഖം പൂര്‍ണമായും ഭേദമായിരുന്നു. എന്നാല്‍ ഇയാള്‍ രോഗബാധിത പ്രദേശങ്ങള്‍ ഒന്നും തന്നെ സന്ദര്‍ശിച്ചിട്ടില്ലാത്ത ഇയാള്‍ക്ക് എങ്ങനെയാണ് ഈ വൈറസ് ബാധ ഉണ്ടായതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഈ വാര്‍ത്ത പുറത്തുവന്നതോടെ ഇപ്പോള്‍ കരുതുന്നതിലും ഒരു മാസത്തിന് മുമ്പേ തന്നെ കൊവിഡ് വൈറസ് ഫ്രാന്‍സില്‍ എത്തിയിരുന്നുവെന്നാണ് നിലവിലെ വിലയിരുത്തല്‍.
ജനുവരി 24ന് സ്ഥിരീകരിച്ച മൂന്ന് കേസുകളാണ് ഫ്രാന്‍സിലെ ആദ്യ കൊവിഡ് കേസുകളായി കണക്കാക്കിയിരുന്നത്. ഇതില്‍ രണ്ട് പേര് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ വുഹാനില്‍ നിന്ന് മടങ്ങി എത്തിയവരായിരുന്നു. ഒരാള്‍ ഇവരുമായി അടുത്ത് ഇടപഴകിയ ആളും.
Discussion about this post