ഇസ്ലാമാബാദ്: ഇന്ധനവിലയില്‍ വലിയ കുറവ് വരുത്താന്‍ പാകിസ്താന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ എന്നിവയുടെ വിലയെല്ലാം വന്‍ തോതില്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. കൊറോണ വ്യാപന കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമായാണ് പുതിയ തീരുമാനം എടുത്തതെന്ന് പാകിസ്താന് ധനമന്ത്രാലയം അറിയിച്ചു.
പെട്രോള്‍ ലിറ്ററിന് 15 രൂപയും ഡീസലിന് 27.15 രൂപയും ലൈറ്റ് ഡീസലിന് ലിറ്ററില്‍ 15 രൂപയും മണ്ണെണ്ണയ്ക്ക് 30 രൂപ കുറച്ചിരിക്കുന്നത്. ആഗോള എണ്ണവിപണിയില്‍ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് ഗുണം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വില കുറയ്ക്കാന്‍ തീരുമാനിച്ചത്.
നേരത്തെ പെട്രോളിന് പാകിസ്താനില്‍ ഈടാക്കിയിരുന്ന വില 96.58 രൂപയായിരുന്നു. ഇത് 81.58 രൂപയായി കുറഞ്ഞു. ഡീസലിന് 107 രൂപയില്‍ നിന്ന് 80 രൂപയായി കുറഞ്ഞു. മണ്ണെണ്ണയ്ക്ക് 77 രൂപയായിരുന്നു വില. പുതിയ വില 47 രൂപയാണ്. ലൈറ്റ് ഡീസലിന് നേരത്തെ 62 രൂപയായിരുന്നു വില. ഇപ്പോള്‍ 47 രൂപയായി.
മെയ് ഒന്ന് മുതല്‍ പുതിയ വിലയ്ക്കാണ് പാകിസ്താനില്‍ എണ്ണ വിതരണം ചെയ്യുന്നത്. എന്നാല്‍ ഇന്ധനവില കുറയ്ക്കുമെന്ന് ഇമ്രാന് ഖാന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ തൊട്ടടുത്ത രാജ്യമായ പാകിസ്താന് എണ്ണവില കുറച്ചു എന്തുകൊണ്ട് ഇന്ത്യയില്‍ കുറയ്ക്കുന്ന എന്ന ചോദ്യം രാജ്യത്ത് ഉയര്‍ന്നിരുന്നു.
ബ്രെന്റ് ക്രൂഡിന് 30 ഡോളറില്‍ താഴെയാണ് വില. 2014ല്‍ ഇന്ത്യയിലെ വില പെട്രോള്‍ ലിറ്ററിന് 60 രൂപയില്‍ താഴെ ആയിരുന്നുവെന്നും പിന്നെ എന്തുകൊണ്ടാണ് ഈ നിരക്കിലേക്കെങ്കിലും വില കുറയ്ക്കാത്തതെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികളുടെ നേതാക്കള്‍ ചോദിക്കുന്നു.
എന്നാല്‍ പാകിസ്താനെ പോലെയല്ല ഇന്ത്യ എന്നായിരുന്നു ബിജെപി നേതാക്കളുടെ മറുപടി. ഇന്ത്യയിലെ ഇന്ധനവിലയുടെ വലിയൊരു ഭാഗം നികുതിയാണ്. വില കുറച്ചാല്‍ രാജ്യത്തിന്റെ വരുമാനത്തെ സാരമായി ബാധിക്കുമെന്നും പ്രത്യേകിച്ചും കൊറോണയുടെ പശ്ചാത്തലത്തില്‍ വരുമാനം കുറഞ്ഞിരിക്കെ, എണ്ണവില കുറയ്ക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക രംഗം തകരാന്‍ ഇടയാക്കുമെന്നും വില കുറയ്ക്കുന്നതിനെ എതിര്‍ക്കുന്നവര്‍ പറയുന്നു.
പാകിസ്താനെ പോലെ ഇന്ത്യയെ കണക്കാക്കരുതെന്ന് ബിജെപി വക്താവ് നരേന്ദ്ര തനേജ പറയുന്നു. രണ്ട് സമ്പദ് വ്യവസ്ഥകളും വലിയ അന്തരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയേക്കാള്‍ ചെറുതാണ് പാകിസ്താന്റെ സാമ്പത്തിക മേഖല. അതുകൊണ്ടുതന്നെ ഇരുരാജ്യങ്ങളുടെ താരതമ്യം ഉചിതമല്ലെന്നും ബിജെപി നേതാക്കള്‍ പറയുന്നു.
Discussion about this post