വാഷിംഗ്ടണ്‍: വുഹാനിലെ വൈറോളജി ലാബില്‍ നിന്നുതന്നെയാണ് കൊറോണ വൈറസ് ഉത്ഭവിച്ചത് എന്നതിന് തെളിവുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ചൈനയിലെ ലാബില്‍ നിന്നാണ് കൊറോണ വൈറസ് പുറത്തായതെന്നാണ് പറഞ്ഞത്. എന്നാല്‍ ഈ വൈറസിനെ ചൈന മനപ്പൂര്‍വ്വം പുറത്ത് വിട്ടതാണോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.
‘കൊവിഡ് 19 വൈറസ് മനുഷ്യനിര്‍മ്മിതമോ ജനിതകമാറ്റം വരുത്തിയതോ അല്ലെന്ന ശാസ്ത്രീയ അഭിപ്രായത്തോട് യോജിക്കുന്നു. എന്നാല്‍ വുഹാനിലെ ലാബില്‍ നിന്നാണ് വൈറസ് ഉത്ഭവിച്ചത് എന്നതിന് സുപ്രധാനമായ തെളിവുകള്‍ ഉണ്ട്’ എന്നാണ് അഭിമുഖത്തില്‍ മൈക്ക് പോംപിയോ പറഞ്ഞത്. നേരത്തേ വുഹാനിലെ വൈറോളജി ലാബില്‍ നിന്നാണ് കൊറോണ വൈറസ് ഉത്ഭവിച്ചതെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവന തള്ളി ലോകാരോഗ്യ സംഘടന രംഗത്ത് വന്നതിന് പിന്നാലെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രതികരണം.
വുഹാന്‍ ലാബില്‍ നിന്ന് തന്നെയാണ് കൊറോണ വൈറസ് ഉത്ഭവിച്ചത് എന്നതിന് തെളിവുണ്ട്. വളരെ രഹസ്യാത്മകമായ വിവരമാണെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇപ്പോള്‍ അത് പറയാനാകില്ലന്നുമാണ് ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞത്. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ യുഎസ് ചാരന്മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കൊറോണ വൈറസിന്റേത് സ്വാഭാവിക ഉത്ഭവമാണെന്നാണ് ലോകാരോഗ്യ സംഘടന എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോക്ടര്‍ മൈക്കല്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയത്.
Discussion about this post