വാഷിങ്ടണ്‍: കൊവിഡ് 19 വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ മരിച്ചത് 2000ത്തിലധികം പേരാണ്. ഇതോടെ മരണസംഖ്യ 63,000 കവിഞ്ഞു. പത്ത് ലക്ഷത്തിലധികം പേര്‍ക്കാണ് അമേരിക്കയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ മാത്രം മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇരുപത്തിമൂവായിരത്തിലധികം പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്.
ന്യൂജേഴ്സിയില്‍ ഒരു ലക്ഷത്തി പതിനാറായിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ ഏഴായിരത്തിന് അടുത്തെത്തി. അതേസമയം കൊവിഡ് 19 വൈറസിന്റെ ഉറവിടം വുഹാനിലെ പരീക്ഷണ ശാലയാണെന്ന ആരോപണത്തില്‍ ഉറച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ പക്കല്‍ അതിനുള്ള തെളിവുകള്‍ ഉണ്ടെന്നും ട്രംപ് പറഞ്ഞു. കൊവിഡ് 19 വൈറസിന്റെ ഉറവിടം വുഹാനിലെ വൈറസ് ഗവേഷണശാലയാണെന്ന ആരോപണത്തിന് തന്റെ പക്കല്‍ തെളിവുകളുണ്ട്. എന്നാല്‍ അത് ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആവില്ലെന്നാണ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ട്രംപ് പറഞ്ഞത്.
അതേസമയം ചൈനയുമായുള്ള വ്യാപാര യുദ്ധം രൂക്ഷമാകുമെന്ന സൂചനയും ട്രംപ് നല്കി. ചൈനയുമായുള്ള വ്യാപാര ഇടപടലുകളില് മാറ്റം വരുത്താനിടയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യത്യസ്തമായ രീതിയില്‍ അത് നടപ്പാക്കുമെന്നാണ് ട്രംപ് പറഞ്ഞത്. കൂടുതല്‍ ശക്തവും വ്യക്തവുമായ നടപടി ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. ചൈനീസ് ഉല്പന്നങ്ങള്ക്കു മേല്‍ കൂടുതല്‍ ഉയര്‍ന്ന നികുതി ചുമത്തിയേക്കുമെന്ന സൂചനയും ട്രംപ് നല്കി.
Discussion about this post