വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉൾപ്പടെയുള്ള ഇന്ത്യൻ നേതാക്കളെ ട്വിറ്ററിൽ അൺഫോളോ ചെയ്തത് എന്തിനെന്ന് വെളിപ്പെടുത്തി വൈറ്റ് ഹൗസ്. യുഎസ് ഭരണസിരാകേന്ദ്രം ട്വിറ്ററിൽ അൺഫോളോ ചെയ്തു എന്ന വാർത്തകൾക്ക് പിന്നാലെ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു.
ഒരു നിശ്ചിതകാലത്തേക്ക് മാത്രമാണ് മറ്റ് രാജ്യങ്ങളിലെ നേതാക്കന്മാരെ വൈറ്റ് ഹൗസ് പിന്തുടരാറുള്ളൂ എന്നും ഇത് താൽക്കാലികമാണെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു. അമേരിക്കൻ പ്രസിഡന്റ് യാത്ര ചെയ്യുന്ന സമയത്ത് അതിന് വേദിയൊരുക്കുന്ന രാജ്യങ്ങളിലെ നേതാക്കന്മാരുടെ ട്വീറ്റുകളും സന്ദേശങ്ങളും പങ്കുവെക്കാനാണ് ഫോളോ ചെയ്യാറുള്ളതെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഫെബ്രുവരിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ടാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോഡി, പ്രധാനമന്ത്രിയുടെ ഓഫീസ്, ഇന്ത്യയിലുള്ള യുഎസ് സ്ഥാനപതി എന്നിവരെ വൈറ്റ് ഹൗസ് ഫോളോ ചെയ്യാൻ തുടങ്ങിയത്. ഈ വാരം ആദ്യം ഇവരെയെല്ലാം വൈറ്റ് ഹൗസ് അൺഫോളോ ചെയ്തു. തുടർന്നാണ് വിഷയം വാർത്തകളിൽ ഇടംപിടിച്ചത്.
21 ദശലക്ഷം ഫോളോവേഴ്സാണ് വൈറ്റ് ഹൗസിന് ഉള്ളത്. അതേസമയം വൈറ്റ് ഹൗസ് ആകട്ടെ പ്രസിഡന്റ് ട്രംപിന്റെയും ഭാര്യ മെലാനിയ ട്രംപിന്റെയുമടക്കം 13 അക്കൗണ്ടുകൾ മാത്രമാണ് പിന്തുടരുന്നത്.
Discussion about this post