വാഷിങ്ടണ്‍: കൊറോണ വൈറസ് വ്യാപനത്തില്‍ ചൈനയെ പഴിചാരി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറസിന്റെ ഉത്ഭവ സമയത്തുതന്നെ അതിനെ പിടിച്ചുനിര്‍ത്താന്‍ ചൈനയ്ക്ക് സാധിക്കാത്തതിനാല്‍ 184 രാജ്യങ്ങള്‍ നരകത്തിലൂടെ കടന്നുപോവുകയാണെന്നാണ് ട്രംപിന്റെ ആരോപണം.
വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ചൈനീസ് നടപടികള്‍ക്കെതിരേ ട്രംപ് കുറ്റപ്പെടുത്തലുമായി വീണ്ടും രംഗത്തെത്തിയത്. ചൈന വൈറസിന്റെ ഉത്ഭവ സമയത്ത് തന്നെ അതിനെ തടയണമായിരുന്നു. പക്ഷേ അവരത് ചെയ്തില്ല. അതിന്റെ ഫലമാണ് ലോകരാജ്യങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്നും ട്രംപ് പറയുന്നു. കൊവിഡ് വ്യാപനം മറച്ചുവെച്ചതിന് ജര്‍മനി ചൈനയോട് ആവശ്യപ്പെട്ട 140 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരത്തെക്കാള്‍ വലിയ തുക അമേരിക്ക ആവശ്യപ്പെടുമെന്ന സൂചനയും ട്രംപ് നല്‍കി.
ചൈനയില്‍നിന്ന് വൈറസ് പടര്‍ന്ന സാഹചര്യം ഗൗരവമായി അന്വേഷിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 10 ലക്ഷത്തിലേറെ പേര്‍ക്ക് യുഎസില്‍ വൈറസ് പിടിപെട്ടു. പ്രഭവ കേന്ദ്രമായ ചൈനയില്‍ കോവിഡ് മരണം 4000ത്തിനുള്ളിലാണെങ്കിലും അമേരിക്കയില്‍ മരണസംഖ്യ 60000 കടന്നിരിക്കുകയാണ്.
Discussion about this post