വാഷിംങ്ടണ്‍: കോവിഡ് വാക്സിന് പരീക്ഷിച്ചതിനെ തുടര്‍ന്ന് താന്‍ സുഖമായിരിക്കുന്നെന്ന് വ്യക്തമാക്കി വാക്സിന് പരീക്ഷണത്തിന് വിധേയയായ യുവതി. മൈക്രോ ബയോളജിസ്റ്റായ ഡോ എലിസ ഗ്രനാറ്റോയാണ് വാക്സിന് പരീക്ഷണത്തെ തുടര്‍ന്ന് താന്‍ മരിച്ചുവെന്ന വാര്‍ത്തക്കെതിരെ രംഗത്തെത്തിയത്.
ഇപ്പോഴും സുഖമായിരിക്കുന്നെന്നും താന്‍ മരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണെന്നും എലിസ വ്യക്തമാക്കി. കോവിഡ് 19 എതിരായ വാക്സിന് യുകെയിലെ മനുഷ്യരില്‍ നടത്തിയ പരീക്ഷണത്തില്‍ ആദ്യഘട്ടത്തില്‍ പങ്കെടുത്ത രണ്ടുപേരില്‍ ഒരാളായിരുന്നു എലിസ.
എന്നാല്‍ വാക്സിന് പരീക്ഷണത്തെ തുടര്‍ന്ന് ഇവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായെന്നും മരണപ്പെട്ടുമുള്ള വാര്‍ത്ത പുറത്തുവരികയും സോഷ്യല്‍മീഡിയയിലൂടെ വന്‍തോതില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കുഴപ്പമില്ലെന്നും സുഖമായിരിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. എലിസയുടെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
പ്രചരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണെന്ന് ബ്രിട്ടന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇത്തരം വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുന്നതിനു മുന്‍പ് വസ്തുത പരിശോധിക്കണമെന്നും വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടായുണ്ടാകുമെന്നും വകുപ്പ് ട്വീറ്റില്‍ വ്യക്തമാക്കി.
ആത്മവിശ്വാസത്തോടെയാണ് താന്‍ പരീക്ഷണത്തിന് വിധേയയാകുന്നതെന്ന് ശാസ്ത്രജ്ഞകൂടിയായ എലിസ പറഞ്ഞിരുന്നു. മൂന്നു മാസത്തെ ഗവേഷണത്തിനൊടുവിലാണ് ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വാക്സിനോളജി പ്രൊഫ സാറാ ഗില്‍ബര്‍ട്ടിന്റെ നേതൃത്വത്തിലുള്ള സംഘം വാക്സിന് വികസിപ്പിച്ചെടുത്തത്.
Discussion about this post