രോഗബാധിതരുടെ എണ്ണം 30ലക്ഷം കടന്നു, ജീവന്‍ നഷ്ടമായത് 2,10,804 പേര്‍ക്ക്, കൊറോണയ്ക്ക് മുന്നില്‍ പകച്ച് ലോകരാജ്യങ്ങള്‍, അമേരിക്കയില്‍ മരണം 56,000 പിന്നിട്ടു

വാഷിങ്ടണ്‍: ലോകത്താകമാനം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 30 ലക്ഷം കടന്നു. 30,36,770 പേര്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2,10,804 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.

പത്ത് ലക്ഷത്തിനടുത്ത് രോഗബാധിതരുള്ള അമേരിക്കയില്‍ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. 56,000 പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 1347 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇരുപതിനായിരത്തിലേറേ പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു.

ലോകത്താകെയുള്ള രോഗബാധിതരില്‍ മൂന്നിലൊന്നും അമേരിക്കയിലാണ്. അതേസമയം, യുഎസ് ഒഴികെയുള്ള വൈറസ് ബാധിത രാജ്യങ്ങളിലെല്ലാം മരണസംഖ്യ കുറഞ്ഞുവരുകയാണ്. സ്‌പെയ്‌നിലും ഇറ്റലിയിലും ബ്രിട്ടണിലും നാനൂറില്‍ താഴെയാണ് കഴിഞ്ഞ ദിവസത്തെ മരണനിരക്ക്.

സ്‌പെയിനില്‍ ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത് 23,521 പേരാണ്. 2,29,422 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് ലക്ഷം രോഗബാധിതരുള്ള ഇറ്റലിയില്‍ മരണം 26,977 ആയി. ഫ്രാന്‍സില്‍ 23,293 പേരും ബ്രിട്ടണില്‍ 21,092 പേരും മരിച്ചു.

ജര്‍മനിയില്‍ മരണം 6000 കടന്നു. ബെല്‍ജിയത്തില്‍ 7200 പേരും ഇറാനില്‍ 5800 പേരും ഇതുവരെ മരണപ്പെട്ടു. ലോകത്താകമാനം 19 ലക്ഷത്തിലേറെ രോഗികള്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇതില്‍ 56000ത്തോളം പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ലോകത്താകെ കൊറോണ മുക്തരായവരുടെ എണ്ണം 8,92,599 ആയി. സ്‌പെയ്‌നില്‍ 1.20 ലക്ഷം പേര്‍ രോഗമുക്തരായി. ജര്‍മനിയില്‍ 1.14 ലക്ഷം രോഗികളും യുഎസില്‍ 1.11 ലക്ഷം പേരും പൂര്‍ണമായും കൊറോണ മുക്തരായി.

Exit mobile version