ഇസ്ലാമാബാദ്: പാകിസ്താനിലെ സ്ത്രീകള്‍ നൃത്തം ചെയ്യുന്നതും നീളം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതുമാണ് രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കാനുള്ള കാരണമെന്ന് പാക് പണ്ഡിതന് മൌലാനാ താരിഖ് ജമീല്‍. പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ സാന്നിധ്യത്തില്‍ നടന്ന ടെലിവിഷന്‍ പ്രാര്‍ത്ഥനയിലാണ് പാക് പണ്ഡിതന് മൌലാനാ താരിഖ് ജമീല്‍ ഈ വാദം ഉന്നയിച്ചതെന്ന് പാക് മാധ്യമം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് വിചിത്ര വാദവുമായി പണ്ഡിതന് രംഗത്തെത്തിയത്. ‘ആരാണ് എന്റെ രാജ്യത്തെ പെണ്മക്കളെ നൃത്തം ചെയ്യിക്കുന്നത്. അവരുടെ വസ്ത്രങ്ങളുടെ നീളം കുറഞ്ഞു. സമൂഹത്തില്‍ അശ്ലീലസംഭവങ്ങള് സാധാരണമാകുമ്പോള്‍ അല്ലാഹു സമൂഹത്തില്‍ തന്റെ കോപം പ്രകടിപ്പിക്കുന്നു’ മൌലാനാ പറയുന്നു.
സ്ത്രീകള്‍ നൃത്തം ചെയ്യുന്നതും അവരുടെ വസ്ത്രധാരണ രീതിയെയും അപലപിച്ച പാക് പണ്ഡിതന് സ്ത്രീകളുടെ തെറ്റായ ഈ നടപടികളും മര്യാദയില്ലാത്ത നടപടികളുമാണ് ദൈവത്തിന്റെ കോപം രാജ്യത്തിനുമേല്‍ ഏല്ക്കാന് കാരണമായതെന്നാണ് അവകാശപ്പെടുന്നത്. ഇതാണ് രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിനിടയാക്കിയതെന്നും പണ്ഡിതന് അവകാശപ്പടുന്നു.
പണ്ഡിതന്റെ വാക്കുകള്‍ വിവാദമായി മാറിയിരിക്കുകയാണ്. രാഷ്ട്രീയ നേതാക്കളും സോഷ്യല്‍മീഡിയയും പണ്ഡിതനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തി. പ്രധാനമന്ത്രിയടക്കമുള്ളവര്‍ പങ്കെടുത്ത പരിപാടിയുടെ ദൃശ്യങ്ങളും വ്യാപകമായി രാജ്യത്ത് പ്രചരിക്കുകയാണ്. എന്നാല്‍ സംഭവം വിവാദമായപ്പോഴും പ്രധാനമന്ത്രി ഇമ്രാന് ഖാന് പ്രതികരണമൊന്നും അറിയിച്ചിട്ടില്ല.
പാകിസ്താനില്‍ അധികാരത്തിലിരിക്കുന്ന തെഹ് രീക് ഇ ഇന്‍സാഫ് ഈ പരാമര്‍ശത്തെ കണ്ടില്ലെന്ന മട്ടിലുള്ള സമീപനമാണ് സ്വീകരിക്കുന്നത്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് ചിലര്‍ മാത്രമാണ് ഈ വിഷയത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ മൗനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുള്ളത്. എന്നാല്‍ സ്ത്രീകളുടെ അന്തസ്സിനെയും കൊറോണ വൈറസിനെയും ബന്ധപ്പെടുത്തിയുള്ള പാക് പണ്ഡിതന്റെ പ്രസ്താവന അംഗീകരിക്കാനാവുന്നവതല്ലെന്ന് മനുഷ്യാവകാശ കമ്മീഷന് ട്വിറ്ററില്‍ കുറിച്ചു.
Discussion about this post