വാഷിങ്ടണ്‍: ജനങ്ങള്‍ തന്നെ വിളിക്കുന്നത് കഠിനാധ്വാനിയായ പ്രസിഡന്റെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതിന് കാരണവും അദ്ദേഹം തന്നെ പറയുന്നുണ്ട്. ഇതുവരെ അധികാരത്തിലിരുന്ന രാഷ്ട്രത്തലവന്മാരെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചതിനാലാണ് ജനങ്ങള്‍ തന്നെ കഠിനാധ്വാനിയെന്ന് വിളിക്കുന്നതെന്ന് ട്രംപ് പറയുന്നു.
മാധ്യമങ്ങള്‍ തനിക്കെതിരെ തുടരുന്ന കടുത്ത ആക്രമണങ്ങള്‍ക്കിടെയാണ് ട്രംപിന്റെ പുതിയ വാദം. ‘എന്നെക്കുറിച്ചും നമ്മുടെ രാജ്യത്തിന്റെ ഇതുവരെയുള്ള ചരിത്രത്തെ കുറിച്ചും നന്നായി അറിയുന്ന ജനങ്ങളാണ് എന്നെ ഏറ്റവും കഠിനാധ്വാനിയായ വര്‍ക്കിങ് പ്രസിഡന്റാണെന്ന് പറയുന്നത്. അക്കാര്യത്തെ കുറിച്ച് എനിക്ക് വലിയ ധാരണയില്ലെങ്കിലും നന്നായി പ്രയത്നിക്കുന്ന ഒരാളെന്ന നിലയില്‍ മൂന്നരക്കൊല്ലത്തിനിടെ മറ്റുള്ള പ്രസിഡന്റുമാരെക്കാള്‍ കുടുതല്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്’. ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
രാവിലെ നേരത്തെ ആരംഭിച്ച് രാത്രി വൈകുന്നത് വരെ ജോലി ചെയ്യാറുണ്ട്, വ്യാപാര കരാറുകള്‍ക്കായും സൈനിക പുനഃസംഘടനയ്ക്ക് വേണ്ടിയും മാസങ്ങളായി വൈറ്റ് ഹൗസില്‍ തന്നെ കഴിയുകയാണ്. എന്നിട്ടും മാധ്യമങ്ങള്‍ തന്നെ കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്, ട്രംപ് കൂട്ടിച്ചേര്‍ത്തു. വ്യാജവാര്‍ത്തകള്‍ക്കെതിരെയും മാധ്യമസ്ഥാപനങ്ങളുടെ അധാര്‍മികതക്കെതിരെയും നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.