ലണ്ടന്‍: ബ്രിട്ടനില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 768 പേരാണ് ബ്രിട്ടനില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ 19,506 ആയി ഉയര്‍ന്നു. നഴ്‌സിങ് ഹോമുകളിലെ കണക്കില്ലാത്ത മരണങ്ങള്‍ വേറെയുണ്ട്. ജനസംഖ്യാനുപാതവും നഴ്‌സിങ് ഹോമുകളിലെയും കമ്മ്യൂണിറ്റിയിലെയും മരണങ്ങളെല്ലാം കൂട്ടിവായിച്ചാല്‍ യുഎസിനേക്കാള്‍ ഭയാനകമാണ് അവസ്ഥയാണ് ബ്രിട്ടനിലിപ്പോള്‍.
വൈറസ് ബാധിതരുടെ എണ്ണം ഒന്നരലക്ഷത്തോട് അടുക്കുകയാണ്. ഇതുവരെ 143,464 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ദിനംപ്രതി നാലായിരത്തിലധികം പേരാണ് ഇപ്പോഴും ബ്രിട്ടനില്‍ കൊവിഡ് രോഗികളാകുന്നത്. അതേസമയം രോഗമുക്തനായി ആരോഗ്യം വീണ്ടെടുക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തിങ്കളാഴ്ചയോടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പര്‍ ഫ്‌ളാറ്റില്‍ തിരിച്ചെത്തി ഭരണകാര്യങ്ങളില്‍ സജീവമാകുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും വന്നിട്ടില്ല.
കണ്‍ട്രി എസ്റ്റേറ്റ് ബംഗ്ലാവായ ചെക്കേഴ്‌സില്‍ വിശ്രമിക്കുന്ന അദ്ദേഹം മന്ത്രിമാരും മറ്റും സഹപ്രവര്‍ത്തകരുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. കഴിഞ്ഞദിവസം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും എലിസബത്ത് രാജ്ഞിയുമായും ടെലിഫോണില്‍ സംസാരിച്ചിരുന്നു. മാര്‍ച്ച് 27നാണ് ബോറിസ് ജോണ്‍സണ് വൈറസ് ബാധ സ്ഥീരീകരിച്ചത്. തുടര്‍ന്ന് സെന്‍ട്രല്‍ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയില്‍ ഒരാഴ്ചയോളം അദ്ദേഹം ചികില്‍സയില്‍ കഴിഞ്ഞത്. ആരോഗ്യം വീണ്ടെടുക്കുന്ന അദ്ദേഹം വൈകാതെ തന്നെ ഭരണകാര്യങ്ങളില്‍ സജീവമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post