സൂര്യപ്രകാശം കൊറോണവൈറസിനെ വേഗത്തില്‍ നശിപ്പിക്കുമെന്ന കണ്ടെത്തലുമായി യുഎസ് ശാസ്ത്രജ്ഞര്‍

വാഷിങ്ടണ്‍: കൊറോണ വൈറസിനെ വേഗത്തില്‍ നശിപ്പിക്കാന്‍ സൂര്യപ്രകാശത്തിന് സാധിക്കുമെന്ന് യുഎസ് ശാസ്ത്രജ്ഞര്‍. ‘അള്‍ട്രാവയലറ്റ് രശ്മികള്‍ വൈറസുകളില്‍ ആഘാതം സൃഷ്ടിക്കുന്നതായി സര്‍ക്കാര്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. വേനല്‍ക്കാലത്ത് വൈറസിന്റെ വ്യാപനം തടയുന്നത് എളുപ്പമാകുമെന്നാണ് കരുതുന്നത്’ എന്നാണ് യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറിയുടെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ് വില്യം ബ്രയാന്‍ വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഇതുവരെ പരസ്യമാക്കിയിട്ടില്ലാത്ത പഠനറിപ്പോര്‍ട്ട് കൂടുതല്‍ വിലയിരുത്തലിനായി കൈമാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇതുവരെയുള്ള ഏറ്റവും ശ്രദ്ധേയമായ നിരീക്ഷണമാണിത്. സൂര്യപ്രകാശം വൈറസിനെ ഉപരിതലത്തിലും വായുവിലും നശിപ്പിക്കുമെന്നതാണ് പുതിയ കണ്ടെത്തല്‍. താപനിലയും ഈര്‍പ്പവും വര്‍ധിക്കുന്നത് വൈറസിന് പൊതുവെ അനുകൂലഘടകമല്ല’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പരീക്ഷണത്തില്‍ ഉപയോഗിച്ച അള്‍ട്രാവയലറ്റ് പ്രകാശത്തിന്റെ തീവ്രതയും തരംഗദൈര്‍ഘ്യവും എന്താണെന്നും ഇത് വേനല്‍ക്കാലത്തുള്ള പ്രകൃതിദത്ത പ്രകാശത്തിന് ഒപ്പമെത്തുന്നുണ്ടോയെന്ന ചോദ്യങ്ങള്‍ ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം ബ്രിട്ടണ്‍ കൊവിഡ് വാക്സിന്റെ ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങി. ഓക്സ്ഫര്‍ഡ് സര്‍വകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്‍ കഴിഞ്ഞ ദിവസം രണ്ട് പേര്‍ക്കാണ് നല്‍കിയത്. എലൈസ ഗ്രനറ്റോ എന്ന ശാസ്ത്രജ്ഞയായ യുവതിയാണ് ആദ്യ ഡോസ് സ്വീകരിച്ചത്. പരീക്ഷണത്തിനായി 800 സന്നദ്ധ പ്രവര്‍ത്തകരെയാണ് ഗവേഷകര്‍ ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

Exit mobile version