ലണ്ടന്‍: ലോകരാജ്യങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി ബ്രിട്ടണ്‍ കൊവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങി. ഓക്‌സ്ഫര്‍ഡ് സര്‍വകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ കഴിഞ്ഞ ദിവസം രണ്ട് പേര്‍ക്കാണ് നല്‍കിയത്. എലൈസ ഗ്രനറ്റോ എന്ന ശാസ്ത്രജ്ഞയായ യുവതിയാണ് ആദ്യ ഡോസ് സ്വീകരിച്ചത്. പരീക്ഷണത്തിനായി 800 സന്നദ്ധ പ്രവര്‍ത്തകരെയാണ് ഗവേഷകര്‍ ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്.
വാക്‌സിന് 80 ശതമാനം വിജയമാണ് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഓക്‌സ്ഫര്‍ഡിലെ വാസ്‌കിനോളജി പ്രൊഫസര്‍ സാറ ഗില്‍ബര്‍ട്ട് സാറ പ്രവചിച്ചിരിക്കുന്നത്. ഈ പരീക്ഷണം വിജയമായാല്‍ സെപ്റ്റംബറോടെ പത്ത് ലക്ഷം വാക്‌സിനുകള്‍ ഉല്‍പാദിപ്പിക്കാനാണ് ശാസ്ത്രജ്ഞരുടെ പദ്ധതി. അതേസമയം ഇപ്പോള്‍ വാക്‌സിന് വിധേയമാകുന്ന ആളുകളെ നിരന്തരം നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുമെന്നും ഇവര്‍ക്ക് അസ്വസ്ഥതകളുണ്ടാകാന്‍ സാധ്യതകളുണ്ടെന്നും ആ റിസ്‌ക്കുകള്‍ എല്ലാം അവരെ ബോധ്യപ്പെടുത്തിയതിന് ശേഷമാണ് അവരില്‍ വാക്‌സിന്‍ പരീക്ഷണം നടത്തുന്നതെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. അതേസമയം വാക്‌സിന് അപകടസാധ്യത ഇല്ലെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ലോകരാജ്യങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റെംഡെസിവിര്‍ മരുന്നിന്റെ ആദ്യ ക്ലിനിക്കല്‍ പരിശോധന പരാജയമാണെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ലോകാരോഗ്യ സംഘടന തങ്ങളുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയതായും പിന്നീട് അത് നീക്കം ചെയ്‌തെന്നും ബിബിസി ഉള്‍പ്പടെയുള്ള ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ റെംഡെസിവിര്‍ നിര്‍മ്മിക്കുന്ന അമേരിക്കന്‍ കമ്പനിയായ ഗിലീഡ് സയന്‍സ് പരീക്ഷണം പരാജയപ്പെട്ടെന്ന വിവരം നിഷേധിച്ച് രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്.