ന്യൂയോര്‍ക്ക്: കാട്ടുതീപോലെ ലോകത്താകമാനം പടര്‍ന്ന കൊറോണ വൈറസ് ഇതുവരെ കവര്‍ന്നെടുത്തത് 1,90,549 ജീവനുകള്‍. വൈറസ് ബാധിതരുടെ എണ്ണം ഇതിനോടകം 27 ലക്ഷം പിന്നിട്ടു. 2,704,676 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണ പിടിമുറുക്കിയ യുഎസില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്.
വ്യാഴാഴ്ച മാത്രം യുഎസില്‍ 2325 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 49,845 ആയി ഉയര്‍ന്നു. രോഗികളുടെ എണ്ണവും കുതിച്ചുയരുകയാണ്. അതിനിടെ കൊറോണ യുഎസ് ജനതയെ കടുത്ത തൊഴിലില്ലായ്മയിലേക്കും വിഷാദരോഗത്തിലേക്കും തള്ളിവിട്ടിരിക്കുകയാണ്.
കഴിഞ്ഞ അഞ്ച് ആഴ്ചക്കിടെ അമേരിക്കയില്‍ തൊഴിലില്ലായ്മ സഹായത്തിനായി അപേക്ഷിച്ചിട്ടുള്ളത് 26 ദശലക്ഷം പേരാണ്. ആറിലൊന്ന് അമേരിക്കക്കാര്‍ക്കും ജോലി നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇറ്റലിയിലും കൊറോണ ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുകയാണ്.
440 പേരാണ് ഇറ്റലിയില്‍ വ്യാഴാഴ്ച മരിച്ചത്. 25,549 പേരാണ് ഇറ്റലിയില്‍ ആകെ മരിച്ചത്. 189,973 പേരിലേക്ക് രോഗം എത്തി. 57,576 പേര് രോഗമുക്തി നേടുകയുണ്ടായി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് ഇറ്റലിയില്‍ പുതിയ ആളുകളിലേക്ക് രോഗം പകരുന്നത് പകുതിയായി കുറച്ചെന്ന് ഒരു പഠനം കണ്ടെത്തി.
അതേസമയം, ലോക്ക്ഡൗണ്‍ എടുത്തുകളഞ്ഞാല്‍ കേസുകള്‍ വീണ്ടും വര്‍ധിക്കുമെന്നും പഠനം മുന്നറയിപ്പ് നല്‍കിയിട്ടുണ്ട്. സ്പെയിനില്‍ വ്യാഴാഴ്ച 464 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്പെയിനില്‍ ആകെ മരണം 22,157 ആയിട്ടുണ്ട്. ഫ്രാന്‍സില്‍ 516 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്.
യുകെയില്‍ 638 മരണവും റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലില്‍ വ്യാഴാഴ്ച മരണസംഖ്യ കുതിച്ചുയര്‍ന്നിട്ടുണ്ട്. 407 പേരാണ് അവിടെ 24 മണിക്കൂറിനിടെ മരിച്ചത്. 49,492 പേരാണ് ബ്രസീലില്‍ ആകെ രോഗബാധിതരായുള്ളത്. ഇതുവരെ മരിച്ചത് 3,313 പേരാണ്.
Discussion about this post