വാഷിങ്ടൺ: യുഎസ് കൊറോണ വൈറസിനാൽ ആക്രമിക്കപ്പെട്ടുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊവിഡ് വെറും പകർച്ചവ്യാധി മാത്രമല്ലെന്നും ഇതുപോലൊന്ന് മറ്റാരും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 1917ലെ സ്പാനിഷ് ഫഌ കാലത്തായിരുന്നു അവസാനമായി ഇത്തരമൊരു പ്രതിസന്ധി ഉണ്ടായതെന്നും കൊവിഡ് പ്രതിസന്ധി മറികടക്കാനായി പണം ചെലവഴിക്കാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
വലിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിലൂടെ രാജ്യം നേരിടേണ്ടി വരുന്ന കടത്തെ കുറിച്ചുള്ള ചോദ്യത്തിനും ട്രംപ് മറുപടി പറഞ്ഞു. ‘നമുക്ക് മറ്റൊരു മാർഗമില്ല. പ്രശ്നം പരിഹരിച്ചേ മതിയാവൂ, ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാണ് നമ്മുടേത്. ചൈനയേക്കാളും, മറ്റേത് രാജ്യത്തേക്കാളും വലുത്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിലാണ് നമ്മൾ ഇത് സാധ്യമാക്കിയത്. എന്നാൽ പെട്ടന്നൊരു ദിവസമാണ് ഇതെല്ലാം അടച്ചിടണമെന്ന് ആവശ്യപ്പെട്ടത്, ഇപ്പോഴിതാ നമ്മൾ എല്ലാം പുനരാരംഭിക്കാൻ പോവുന്നു. വീണ്ടും ശക്തരാവേണ്ടതുണ്ട്. അതിനായി പണം ചെലവഴിച്ചേ മതിയാവൂ, ട്രംപ് പറഞ്ഞു.
രാജ്യത്ത് കൊവിഡ് കേസുകൾ കുറയുകയാണെന്നും ട്രംപ് വിശദീകരിച്ചു. ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ച എല്ലാ മേഖലകളിലും പോസിറ്റീവ് കേസുകൾ കുറഞ്ഞു. എല്ലാം, സാധാരണനിലയിലേക്ക് തിരിച്ചുവരികയാണ്.
രാജ്യത്തിന്റെ സമ്പത്തും സമൃദ്ധിയും തിരിച്ചുവരുന്നതുവരെ തനിക്ക് ഇനി വിശ്രമമില്ല, അത് മുൻപുള്ളതിനേക്കാളും ശക്തിപ്പെടുത്താനാണ് ഇനിയുള്ള ശ്രമം. ഓഹരി വിപണിയിലിടക്കം ഇനി എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കാത്തിരുന്ന് കണ്ടോളൂ’, ട്രംപ് പറഞ്ഞു. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കും ചികിത്സയ്ക്കും പരിശോധനകൾക്കുമായി ട്രംപ് ഭരണകൂടം ഇതുവരെ 7 ബില്ല്യണ് ഡോളറിലധികം തുകയാണ് ചെലവഴിച്ചിരിക്കുന്നത്.
Discussion about this post