മോസ്കോ: കൊവിഡ് വ്യാപനവും തുടര്‍ന്നുള്ള ലോക്ക് ഡൗണിലും ജനം കുടുങ്ങിയിരിക്കുകയാണ്. പുറത്തിറങ്ങാന്‍ ആവാതെ വിഷമിക്കുന്നവരും കുറവല്ല. എന്നാല്‍ ഇപ്പോള്‍ ലോക്ക്ഡൗണ്‍ കാലത്ത് നൂറ് കിലോമീറ്റര്‍ മാരത്തണ്‍ തന്റെ കട്ടിലിന് ചുറ്റും ഓടിത്തീര്ത്തിരിക്കുകയാണ് റഷ്യയിലെ വ്ലാഡിവോസ്റ്റോക് സ്വദേശിയായ ദിമിത്രി യാകുഖ്നി. ഈ മാസം സഹാറ മരുഭൂമിയില്‍ 250 കിലോമീറ്റര്‍ മാരത്തണ്‍ നടത്താന്‍ പദ്ധതി ഇട്ടിരുന്നു. എന്നാല്‍ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് വീട്ടില്‍ തന്നെ കഴിയേണ്ടി വന്ന സാഹചര്യത്തില്‍ മാരത്തണ്‍ സെപ്തംബറിലേക്ക് മാറ്റുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് വീട്ടില്‍ കട്ടിലിന് ചുറ്റും ഓടാന്‍ തീരുമാനിച്ചത്. പത്ത് മണിക്കൂര്‍ കൊണ്ടാണ് നൂറു കിലോമീറ്ററിന് സമാനമായ ദൂരം കട്ടിലിന് ചുറ്റുമായി ഓടിത്തീര്‍ത്തത്. പത്ത് മണിക്കൂറും പത്തൊമ്പത് മിനിറ്റുമാണ് തന്റെ റൂമിലെ കട്ടിലിന് ചുറ്റുമായി ശനിയാഴ്ച ഓടിയത്. കഴിഞ്ഞ മാസം തന്റെ ബാല്‍ക്കണിയില്‍ മാരത്തോണ്‍ മാരത്തണ്‍ പൂര്‍ത്തിയാക്കിയ ഫ്രഞ്ചുകാരനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തരത്തില്‍ തീരുമാനം എടുത്തതെന്ന് അദ്ദേഹം പറയുന്നു.
യാകുഖ്നിയുടെ വാക്കുകള്‍;
ഇത്തരമൊരു ചുരുങ്ങിയ സ്ഥലത്ത് ഓടുക എന്നത് ഏറെ പ്രയാസമായിരുന്നു. ഇടക്ക് എന്റെ തലകറങ്ങുന്നതായും കാല് ഒരു ഭാഗം വേദനിക്കുന്നതായും തോന്നുന്നുണ്ടായിരുന്നു. അങ്ങനെ ഓരോ പത്ത് കിലോമീറ്റര്‍ കഴിയുമ്പോഴും ഓട്ടത്തിന്റെ ദിശ മാറ്റിക്കൊണ്ടേയിരുന്നു. സാധാരണയായി ഭക്ഷണത്തിന്റെ ഒരു പൊതി തോളിലുള്ള സഞ്ചിയില്‍ കരുതാറാണ് പതിവ്. എന്നാല്‍ ഇത്തവണ കൈ ഒന്ന് ഉയര്‍ത്തി വീശുമ്പോള്‍ ഭാര്യ എന്തെങ്കിലും ഭക്ഷണം പാകം ചെയ്ത് തരുമായിരുന്നു.
മക്കള്‍ എനിക്ക് ധാര്‍മിക പിന്തുണ നല്‍കുകയും ഭാര്യ എനിക്ക് വേണ്ടി സംഗീതം കേള്പ്പിച്ചുകൊണ്ടുമിരുന്നു. ഓരോ പത്ത് കിലോമീറ്റര്‍ കഴിയുമ്പോഴും ഒരു ട്രാക്കര്‍ വെച്ചിരുന്നു. അതുകൊണ്ട് തന്നെ തന്റെ ഇന്‍സ്റ്റാഗ്രാം അപ്ഡേറ്റുകള് കണ്ട പലരും ഞാന്‍ എന്റെ ലക്ഷ്യദൂരം എത്തുമോ എന്ന് അറിയാന്‍ ആകാംക്ഷയോടെ കാത്തിരുന്നു. ഇതൊരു ഗിന്നസ് ബുക്ക് റെക്കോഡിന് വേണ്ടിയായിരുന്നില്ല, എനിക്ക് വേണ്ടിയായിരുന്നു.
Discussion about this post