ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ രണ്ട് വളര്‍ത്തുപൂച്ചകള്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. അമേരിക്കയില്‍ ആദ്യമായിട്ടാണ് വളര്‍ത്തുമൃഗങ്ങളില്‍ കൊവിഡ് വൈറസ് സ്ഥിരീകരിക്കുന്നത് എന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ന്യൂയോര്‍ക്കിലെ രണ്ട് വ്യത്യസ്ത പ്രദേശങ്ങളിലുള്ള പൂച്ചകള്‍ക്കാണ് രോഗം സ്ഥിരാകരിച്ചത്. രോഗം സ്ഥിരീകരിച്ച രണ്ട് പൂച്ചകള്‍ക്കും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളാണ് ഉള്ളതെന്നും ഇവ അതിവേഗം സുഖം പ്രാപിക്കുമെന്നാണ് വിശ്വസിക്കുന്നത് എന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
അതേസമയം രോഗം സ്ഥിരീകരിച്ച പൂച്ചകളിലൊന്നിന്റെ ഉടമയ്ക്ക് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ രണ്ടാമത്തെ പൂച്ചയുടെ ഉടമയ്ക്കോ വീട്ടിലുള്ളവര്‍ക്കോ ആര്‍ക്കും തന്നെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. രോഗബാധയുള്ള വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിലൂടെ ആയിരിക്കാം പൂച്ചയ്ക്ക് വൈറസ് ബാധയുണ്ടായത് എന്ന നിഗമനത്തിലാണ് അധികൃതര്‍. രാജ്യത്ത് വളര്‍ത്തുമൃഗങ്ങളിലും കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വളര്‍ത്തുമൃഗങ്ങളായ പട്ടികളെയും പൂച്ചകളെയും സമ്പര്‍ക്കത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. മനുഷ്യരുമായോ മറ്റ് മൃഗങ്ങളുമായോ ഇടപഴകാന്‍ അനുവദിക്കരുതെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.
വളര്‍ത്തുപൂച്ചകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പുറമെ ന്യൂയോര്‍ക്കിലെ ബ്രോങ്ക്സ് മൃഗശാലയിലെ നാല് കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കും കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. മൃഗശാല അധികൃതരാണ് ഈ വിവരം അറിയിച്ചത്. ജീവനക്കാരില്‍ നിന്നായിരിക്കാം മൃഗങ്ങള്‍ക്ക് രോഗം പകര്‍ന്നതെന്നാണ് നിഗമനം. അതേസമയം അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം മരിച്ചത് 2,219 പേരാണ്. വൈറസ് ബാധിതരുടെ എണ്ണം എട്ടരലക്ഷത്തോട് അടുക്കുകയാണ്. ആഗോളതലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 26 ലക്ഷം കടന്നു.
Discussion about this post