ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രോങ്ക്സ് മൃഗശാലയിലെ നാല് കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കും കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. മൃഗശാല അധികൃതരാണ് ഈ വിവരം അറിയിച്ചത്. രോഗം സ്ഥിരീകരിച്ച മൃഗങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് മൃഗശാല അധികൃതര്‍ വ്യക്തമാക്കിയത്. ജീവനക്കാരില്‍ നിന്നായിരിക്കാം മൃഗങ്ങള്‍ക്ക് രോഗം പകര്‍ന്നതെന്നാണ് നിഗമനം.
നേരത്തേ മൂന്ന് ആഴ്ച മുമ്പ് മൃഗശാലയിലെ മറ്റൊരു കടുവയ്ക്ക് വൈറസ് ബാധയുള്ളതായി കണ്ടെത്തിയിരുന്നു. നാല് വയസ് പ്രായമുള്ള നാദിയ എന്ന മലേഷ്യന്‍ കടുവയ്ക്കാണ് മാര്‍ച്ച് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് ചെറിയ തോതില്‍ ചുമ തുടങ്ങിയ രോഗലക്ഷണം പ്രകടിപ്പിച്ച മറ്റ് മൃഗങ്ങളെ അധികൃതര്‍ നീരിക്ഷണത്തിലാക്കിയിരുന്നു.
തുടര്‍ന്ന് ഇവയ്ക്ക് അനസ്ത്യേഷ്യ നല്കി മൂക്ക്, തൊണ്ട, ശ്വസകോശം തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് സ്രവം ശേഖരിച്ചാണ് പരിശോധനയ്ക്കയച്ചത്. മൃഗങ്ങള്‍ക്കായുള്ള ലാബുകളിലാണ് സ്രവപരിശോധന നടത്തിയത്. എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിലെ രണ്ട് വളര്‍ത്തുപൂച്ചകള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ നല്കിയ അറിയിപ്പിനെ തുടര്‍ന്നാണ് ബ്രോങ്ക്സ് മൃഗശാലാഅധികൃതര് ഏഴ് മൃഗങ്ങള്‍ക്ക് കൂടി രോഗബാധയുള്ളതായി വ്യക്തമാക്കിയത്.
അതേസമയം അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം മരിച്ചത് 2,219 പേരാണ്. വൈറസ് ബാധിതരുടെ എണ്ണം എട്ടരലക്ഷത്തോട് അടുക്കുകയാണ്. ആഗോളതലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 26 ലക്ഷം കടന്നു.
Discussion about this post