ജനീവ: കൊറോണ വൈറസ് ദീര്‍ഘകാലത്തേക്ക് നമ്മുടെ ഗ്രഹത്തിലുണ്ടാവുമെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഈ വൈറസിനെ തുരത്താനുള്ള ആദ്യ ഘട്ടത്തില്‍ മാത്രം എത്തി നില്ക്കുന്ന സാഹചര്യത്തിലാണ് ഭൂരിഭാഗ രാഷ്ട്രങ്ങളുമെന്ന് ലോകാരോഗ്യ സംഘടന നേതാവ് ടെഡ്രോസ് ആദാനം ഗബ്രിയാസിസ് പറഞ്ഞു.
ബുധനാഴ്ച നടന്ന വിര്‍ച്ച്വല്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടും അമേരിക്കയിലും ആഫ്രിക്കയിലും കൊറോണ വൈറസ് ബാധിതരുടെ എണ്ണവും മരണവും കുതിച്ചുയരുകയാണെന്നും വൈറസ് നിയന്ത്രണത്തിലായെന്ന് കരുതിയ രാജ്യങ്ങളില്‍ അത് വീണ്ടും തിരിച്ചു വരവ് നടത്തിയിട്ടുണ്ടെന്നും ടെഡ്രോസ് പറഞ്ഞു.
‘പശ്ചിമ യൂറോപ്പിലെ രോഗവ്യാപനം കുറഞ്ഞു തുടങ്ങി. എണ്ണം കുറവാണെങ്കിലും മധ്യ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും ആഫ്രിക്കയിലെയും കിഴക്കന്‍ യൂറോപ്പിലെയും പ്രവണതകള്‍ ആശങ്കാകുലമാണ്’ വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തില്‍ ടെഡ്രോസ് പറഞ്ഞു.
‘മിക്ക രാജ്യങ്ങളും പകര്‍ച്ചവ്യാധിയെ നേരിടുന്ന ആദ്യഘട്ടത്തിലാണ്. ആദ്യ ഘട്ടത്തില്‍ പകര്‍ച്ചവ്യാധി വന്ന് അതിനെ പിടിച്ചു കെട്ടിയ രാജ്യങ്ങളില്‍ പുതിയ കേസുകള്‍ ഉണ്ടാവുകയും വൈറസ് തിരിച്ചു വരവ് നടത്തുകയും ചെയ്തു. അതുകൊണ്ട് ഒരു പിഴവും വരുത്തരുത്. നമുക്ക് ഒരുപാട് ദൂരം പോകേണ്ടതുണ്ട്. ഈ വൈറസ് വളരെകാലം നമ്മോടൊപ്പമുണ്ടാകും’, ടെഡ്രോസ് കൂട്ടിച്ചേര്‍ത്തു.
ജനുവരി 30ന് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ട് പദ്ധതികളാവിഷ്കരിക്കാനും പ്രതിരോധിക്കാനുമുള്ള സമയം ലോകരാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന നല്‍കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം,
പകര്‍ച്ചവ്യാധി കൈകാര്യം ചെയ്യുന്നതില്‍ ലോകാരോഗ്യ സംഘടന അമേരിക്കയില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നുവെന്നിരുന്നെങ്കിലും രാജിവെക്കാനുള്ള ആവശ്യങ്ങളെയെല്ലാം ടെഡ്രോസ് തള്ളിക്കളഞ്ഞു.
Discussion about this post