ജനീവ: കൊവിഡ് വൈറസ് ഭീതിയിലാണ് ലോകം. ഇപ്പോള്‍ തന്നെ വന്‍കിട രാജ്യങ്ങള്‍ പോലും സാമ്പത്തിക പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. കോടിക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നു. ജോലി ഇല്ലാതായതോടെ പട്ടിണി കിടക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. ഇത്തരത്തില്‍ ലോകം ഭീകരമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്.
എന്നാല്‍ ഇതിലും വലിയ വെല്ലുവിളിയാണ് ലോകം നേരിടാന്‍ പോകുന്നതെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഐക്യരാഷ്ട്ര സംഘടന.കൊവിഡിനെ തുടര്‍ന്ന് സാമ്പത്തികരംഗത്തുണ്ടാകുന്ന ആഘാതം ആഗോളതലത്തില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥക്കും പട്ടിണിക്കും കാരണമാകുമെന്നാണ് യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.എഫ്.പി) മുന്നറിയിപ്പ് തരുന്നത്. ഭക്ഷ്യ ദൗര്‍ലഭ്യം പട്ടിണി നിരക്ക് ഇരട്ടിയാക്കുമെന്നും ഈ വര്‍ഷം 265 ദശലക്ഷം ജനങ്ങള്‍ പട്ടിണി അനുഭവിക്കുമെന്നും ഡബ്ല്യു.എഫ്.പി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബേസ്ലി വ്യക്തമാക്കി.
13.5 കോടി ജനങ്ങള്‍ ഇപ്പോള്‍ വിശന്ന വയറുമായി ജീവിക്കുന്നുണ്ട്. ഈ വര്‍ഷം 13 കോടി ജനങ്ങള്‍കൂടി ആ സ്ഥിതിയിലെത്തുമെന്ന് ഡബ്ല്യു.എഫ്.പി ഗവേഷക ഡയറക്ടറും സാമ്പത്തിക വിദഗ്ധനുമായ ആരിഫ് ഹുസൈന് പറഞ്ഞു. ഈ സാഹചര്യം നേരിടാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഇല്ലെങ്കില്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും ഡബ്ല്യു.എഫ്.പി ഗവേഷക ഡയറക്ടറും സാമ്പത്തിക വിദഗ്ധനുമായ ആരിഫ് ഹുസൈന് കൂട്ടിച്ചേര്‍ത്തു
കൊവിഡിനു മുമ്പ് എല്ലാ നിസ്സാരമാണെന്ന് പറഞ്ഞിരുന്നവരുടെ അവസ്ഥ പോലും ഇപ്പോള്‍ പരിതാപകരമാണ്. ഭക്ഷണ ദൗര്‍ലഭ്യത്തിനൊപ്പം ജീവനോപാധികളും ഇല്ലാതാകുന്നത് ദുരിതം ഇരട്ടിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈറസ് ബാധിച്ചതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ കൊവിഡ് -19 ന്റെ സാമ്പത്തിക ആഘാതത്തെ തുടര്‍ന്ന് മരിക്കാന്‍ സാധ്യതയുണ്ടെന്നും യുഎന്‍ വ്യക്തമാക്കി.
Discussion about this post