മാലിദ്വീപ്: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനെതിരെ വിമര്‍ശനവുമായി മാലിദ്വീപ് ആശുപത്രിയിലെ മുതിര്‍ന്ന മെഡിക്കല്‍ ഓഫീസറും എറണാകുളം സ്വദേശിയുമായ ഡോ. രാജകുമാരന്‍ മാമ്പുഴ. വേണ്ട മുന്നൊരുക്കങ്ങള്‍ നടത്താതെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറയുന്നു. കൂടാതെ തങ്ങള്‍ ഇവിടെ നയിക്കുന്നത് ദുരിത ജീവിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തങ്ങളുടെ കഷ്ടപ്പാടും ദുരിതവും ഒപ്പം വിമര്‍ശനവും തൊടുത്തത്.
ഇന്ത്യയില്‍ നിന്നും മറ്റുമുള്ള നിരവധി ആളുകള്‍ ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ഇവിടെ ബുദ്ധിമുട്ടിലാണെന്നും അദ്ദേഹം പറയുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ ദിവസം ആളുകള്‍ക്ക് എന്താണ് വരാന്‍ പോകുന്നത് എന്നതിനെ കുറിച്ച് അറിയില്ലായിരുന്നു. ഭക്ഷണത്തിനായി ഹോട്ടലുകളെ ആശ്രയിക്കുന്ന എന്നെപ്പോലുള്ളവര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബുദ്ധിമുട്ടിലായി. മുറിയിലുണ്ടായിരുന്ന മാലിന്യക്കൊട്ടയില്‍ നിന്നുപോലും ആഹാരം എടുത്ത് കഴിക്കേണ്ടി വന്ന അവസ്ഥയുണ്ടായതായും അദ്ദേഹം വെളിപ്പെടുത്തി.
വേണ്ട മുന്നൊരുക്കങ്ങള്‍ ഇല്ലാതെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ആളുകള്‍ക്ക് ഭക്ഷണവും അവശ്യവസ്തുക്കളും ശേഖരിച്ച് വെക്കാനുള്ള സമയം പോലും ലഭിച്ചില്ല. കാര്യങ്ങള്‍ എല്ലാം കൈവിട്ടുപോകുകയായിരുന്നു. ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാന്‍ പറ്റാതെ നിരവധി പേര്‍ ഇപ്പോഴും ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഇവിടെയെത്തിയ തൊഴിലാളികള്‍ എല്ലാം ഭക്ഷണത്തിന് വേണ്ടി യാചിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നതെന്നും അദ്ദേഹം പറയുന്നു.
മാലിദ്വീപിലെ മുലിയിലുള്ള റീജ്യണല്‍ ആശുപത്രിയില്‍ ഒരു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം ചില പരീക്ഷകള്‍ എഴുതാനും ഔദ്യോഗിക രേഖകള്‍ ശരിയാക്കുന്നതിനുമായി മാര്‍ച്ച് എട്ടിനാണ് മാലിദ്വീപിലേയ്ക്ക് എത്തിയത്. എന്നാല്‍ ഏപ്രില്‍ 15 ന് മാലിദ്വീപ് സര്‍ക്കാര്‍ 24 മണിക്കൂര്‍ നേരത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പിന്നീട് അത് 14 ദിവസമായി നീട്ടുകയും ചെയ്തതോടെ ഇദ്ദേഹം മാലിദ്വീപില്‍ കുടുങ്ങുകയായിരുന്നു.
കേരള, തമിഴ്നാട് ബംഗ്ലാദേശ് തുടങ്ങിയ ഇടങ്ങളില്‍ നിന്നും എത്തിയ നൂറ് കണക്കിന് അതിഥി തൊഴിലാളികള്‍ ഇവിടെ കുടുങ്ങിയിട്ടുണ്ടെന്നും പലരും ഹോട്ടല്‍ തൊഴിലാളികളും നിര്‍മ്മാണ തൊഴിലാളികളുമാണെന്നും അദ്ദേഹം പറയുന്നു. ബാങ്കുകള്‍ അടക്കം പൂട്ടിയതോടെ കൈയ്യില്‍ പണമില്ലാതെ കഷ്ടപ്പെടുകയാണ് പലരുമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം മാലിദ്വീപില്‍ ചില വലിയ ഹോട്ടലുകള്‍ മാത്രം തുറന്നുപ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്നാല്‍ ഇവിടെയെല്ലാം ഉയര്‍ന്ന വിലയാണ് ഈടാക്കുന്നതെന്നും ഡോക്ടര്‍ പറയുന്നു.
എന്നാല്‍ തന്നെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കേരളത്തിലെ ചില വാര്‍ത്താ ചാനലുകള്‍ കാണിച്ചതിന് പിന്നാലെ ഇന്ത്യന്‍ എംബസി തന്നെ ബന്ധപ്പെടുകയും ഭക്ഷണവും മറ്റും ലഭ്യമാക്കുകയും ചെയ്തെന്നും എന്നാല്‍ സാധാരണക്കാരായ നിരവധി ആളുകള്‍ ഒരു സഹായവും ലഭിക്കാതെ ഇവിടെ കഷ്ടപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നുള്ള ആളുകള്‍ക്കായി ചില വളണ്ടറി ഓര്‍ഗനൈസേഷനുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അത് എല്ലാരിലേക്കും എത്തുന്നില്ലെന്നും ഡോ. രാജകുമാരന്‍ ചൂണ്ടിക്കാട്ടി.