ന്യൂഡൽഹി: ലോകം നേരിട്ട ഏറ്റവും വലിയ മഹാമാരി അല്ല കൊവിഡെന്നും ഇതിലും വലിയ ദുരന്തപൂർണമായി തീരുന്ന മഹാമാരികൾ വരാനിരിക്കുന്നുണ്ടെന്നും പ്രവചിച്ച് ലോകപ്രശസ്ത വൈറോളജിസ്റ്റ് ഡോ.ഇയാൻ ലിപ്കിൻ. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും മരണവും ഭയവും വിതച്ച കൊവിഡ് 19- ആ മാഹാമാരികൾക്ക് മുന്നിൽ നിസാരമായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. അതേസമയം, കൊവിഡ് 19 എന്ന നോവൽ കൊറോണ വൈറസ് പടർത്തുന്ന രോഗത്തെ ആഗോള മഹാമാരിയായാണ് യുഎൻ വിശേഷിപ്പിച്ചിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുണ്ടായ മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ ദുരനുഭവമെന്നാണ് ഐക്യരാഷ്ട്ര സഭ കൊവിഡിനെ കുറിച്ച് പറഞ്ഞത്. ലോകത്ത് ഇരുപത് ലക്ഷത്തിലധികം ആളുകൾ രോഗികളായി തുടരുകയാണ്. ഒന്നരലക്ഷത്തോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടുകഴിഞ്ഞു. അതുകൊണ്ട് തന്നെയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ദുരന്തമെന്ന് കൊറോണയെ വിശേഷിപ്പിക്കുന്നതും.
എന്നാൽ, മനുഷ്യൻ നേരിടാൻ പോവുന്ന ഏറ്റവും വലിയ ദുരന്തം കൊറോണയൊന്നുമല്ലെന്നും ഇതിനേരക്കാൾ വലിയ മഹാമാരി വരാനിരിക്കുന്നതേയുള്ളൂ എന്നാണ് ലിപ്കിൻ അഭിപ്രായപ്പെടുന്നത്.
മനുഷ്യരുടെ ചില ഇടപെടലുകൾ കാരണം ലോകത്തെ ആരോഗ്യ പ്രതിസന്ധി ഉയർന്നുകൊണ്ടിരിക്കുകയാണെന്നും ഭാവിയിൽ ഇതിലും രൂക്ഷമാകുമെന്നും അദ്ദേഹം ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വനനശീകരണം, ജനസംഖ്യാ വർധനവ്, അന്തർദേശീയ വ്യവസായയാത്രാകാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെല്ലാം ആരോഗ്യ രംഗത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. സ്പാനിഷ് ഫഌ മുതൽ നോക്കിയാൽ പിന്നീട് എയ്ഡ്‌സ്, നിപ, ചിക്കുൻഗുനിയ, സാർസ്1, മെർസ് തുടങ്ങി ചുരുങ്ങിയത് 15 ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെങ്കിലുമുണ്ടായി. കൊറോണയാണ് ഏറ്റവും വലിയ ദുരന്തമെന്ന് ഞാൻ കരുതുന്നില്ല. നമ്മൾ നമ്മുടെ രീതികൾ മാറ്റാൻ തയ്യാറായില്ലെങ്കിൽ ഇതിനേക്കാൾ വലിയ പ്രതിസന്ധി ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇത്തരം പ്രശ്‌നങ്ങൾ തുടർന്നുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി കൊണ്ട് പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം ആളുകളെ കുടിയേറ്റത്തിലേക്ക് നയിക്കും അന്തർദേശീയ വ്യവസായങ്ങളും യാത്രകളും രോഗം പടരാനുള്ള സാധ്യത വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post