ജനീവ: ലോകരാജ്യങ്ങളെ മുഴുവന്‍ ഭീതിയിലാഴ്ത്തി പടര്‍ന്നുകൊണ്ടിരിക്കുന്ന കൊവിഡ് 19 വുഹാനിലെ പരീക്ഷണശാലയില്‍ നിന്നും ചോര്‍ന്നതാണെന്ന വാദങ്ങളെ തള്ളി ലോകാരോഗ്യസംഘടന രംഗത്ത്. വവ്വാലില്‍ നിന്നാകും രോഗവ്യപനമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ വിലയിരുത്തല്‍. എന്നാല്‍ ഇത് എങ്ങനെയാണ് മനുഷ്യരിലേക്കെത്തിയത് എന്നത് ഇപ്പോളും ഒരു ചോദ്യമായി തുടരുകയാണ്. അത് കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നാണ് ലോകാരോഗ്യസംഘടനാവക്താവ് ഫഡേല ചായ്ബ് പറഞ്ഞത്. ജനീവയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍നിന്ന് പരീക്ഷണങ്ങള്‍ക്കിടെയാണ് വൈറസ് പുറത്തുവന്നതെന്ന നിഗമനത്തിലാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗവും ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരും.
ലോകത്ത് ഇതുവരെ 25 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 177,608 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. കൊവിഡ് 19 വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുന്ന യുഎസിലെ സ്ഥിതി അതീവഗുരുതരമായി മാറിയിരിക്കുകയാണ്. 44,845 പേരാണ് ഇതിനോടകം വൈറസ് ബാധിച്ച് മരിച്ചത്. ചൊവ്വാഴ്ച മാത്രം യുഎസില്‍ 2751 പേരുടെ ജീവന് കൊറോണ കവര്‍ന്നു. രാജ്യത്തെ രോഗബാധിതരുടെ എണ്ണം എട്ട് ലക്ഷം കടന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ 40000 ത്തോളം പുതിയ കേസുകളാണ് അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
സ്പെയിനില്‍ 430 ഉം ഇറ്റലിയില്‍ 534 ഉം മരണങ്ങളാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയിലെ ആകെ മരണം 24,6480 ഉം സ്പെയിനിലെ മരണസംഖ്യ 21,282 ഉം ആയിട്ടുണ്ട്. യു.കെയില്‍ 24 മണിക്കൂറിനിടെ 828 മരണങ്ങള് രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്രാന്‍സില്‍ 531 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.
Discussion about this post