വാഷിങ്ടണ്‍: ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഗുരുതരാവസ്ഥയിലാണെന്നും മസ്തിഷ്കമരണം സംഭവിച്ചെന്നും കഴിഞ്ഞദിവസം അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ കിം ജോങ് ഉന്നിന് സൗഖ്യം ആശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി.
‘അദ്ദേഹത്തിന് സൗഖ്യം നേരുന്നു എന്ന് മാത്രമാണ് ഇപ്പോള്‍ എനിക്ക് പറയാനാവുക’ എന്നാണ് ട്രംപ് പ്രതികരിച്ചത്. വൈറ്റ്ഹൗസ് വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. അദ്ദേഹം സുഖമായിരിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹത്തിന്റെ സുഖവിവരം നേരിട്ട് തിരക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
‘വാര്‍ത്തയില്‍ പറയുന്ന പോലുള്ള അവസ്ഥയിലാണ് അദ്ദേഹമെങ്കില്‍ അത് അതീവ ഗുരുതരമായ അവസ്ഥയാണ്. എന്നാല്‍ വാര്‍ത്ത സത്യമാണോ അല്ലയോ എന്ന് തനിക്കറിയില്ല.’ എന്നും ട്രംപ് പറഞ്ഞു. ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ ട്രംപിന്റെ ആരോഗ്യനില ഗുരുതരമാണെന്നും അദ്ദേഹത്തിന് മസ്തിഷ്ക മരണം സംഭവിച്ചുവെന്നുമാണ് യു.എസ്. രഹസ്യാന്വേഷകര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ വാര്‍ത്തയ്ക്ക് സ്ഥിരീകരണമില്ലെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മുന്‍ ജെ ഇന്നിന്റെ വക്താവും വാര്‍ത്താ ഏജന്‍സി യോന്‍ഹാപ്പും പറയുന്നു. ഇരു കൊറിയകളും തമ്മിലുള്ള ബന്ധം കൈകാര്യം ചെയ്യുന്ന യൂണിഫിക്കേഷന് മന്ത്രാലയവും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
ഉത്തരകൊറിയയുടെ സുഹൃദ് രാജ്യമായ ചൈന വാര്‍ത്ത നിഷേധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ പ്രതികരിക്കാതെ സൗഖ്യം നേരുന്നു എന്ന വാചകത്തില്‍ ട്രംപ് തന്റെ പ്രസ്താവന ഒതുക്കിയത്.
Discussion about this post