ഇന്തോനേഷ്യ: കോവിഡ് 19 മഹാമാരി ലോകത്തെമ്പാടും വ്യാപിക്കുമ്പോള്‍ പ്രതിരോധനടപടിയായി രാജ്യങ്ങളെല്ലാം കൈക്കൊള്ളുന്നത് ലോക്ക്ഡൗണ്‍ നടപ്പിലാക്കുകയാണ്.
പക്ഷേ എന്നിട്ടും കാര്യത്തിന്റെ ഗൗരവസ്ഥിതി മനസ്സിലാക്കാതെ ആളുകള്‍ കൂട്ടംകൂടുകയും പുറത്തിറങ്ങുകയും ചെയ്യുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നിയമനടപടിയെടുക്കാനാണ് അധികാരികളുടെ നിര്‍ദേശം.
അത്തരത്തില്‍ ഇത്തരത്തില്‍ അനുസരണാശീലമില്ലാത്തവര്‍ക്കെതിരെ വ്യത്യസ്ത ശിക്ഷാനടപടി സ്വീകരിച്ചിരിക്കുകയാണ് ഇന്തൊനേഷ്യ. ക്വാറന്റൈന്‍ ലംഘിച്ച് പുറത്തുകടക്കുന്നവരെ പിടികൂടിയ ശേഷം, അവരെ പ്രേതബാധയുള്ള വീടുകളില്‍ താമസിപ്പിക്കാനാണ് സ്രാഗെന്‍ ഭരണാധികാരിയായ കുസ്ദിനാര്‍ അണ്‍ടങ് നിര്‍ദേശിച്ചിരിക്കുന്നത്.
ധാരാളം മിത്തുകളാല്‍ സമ്പന്നമാണ് ഇന്തോനേഷ്യയിലെ മിക്കയിടങ്ങളും.
അതിനാല്‍ത്തന്നെ പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന വീടുകളില്‍ താമസിക്കുകയെന്നാല്‍ ജീവപര്യന്തത്തിന് വിധിക്കുന്നതിനെക്കാള്‍ ഗൗരവത്തോടെ അവര്‍ കാണും.
ഇതുവരെ ഏഴായിരത്തിലധികം പേര്‍ക്കാണ് ഇന്തോനേഷ്യയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 616 പേര്‍ മരിച്ചു. 842 പേര്‍ രോഗമുക്തരാവുകയും ചെയ്തു.
ഇതുവരെ അഞ്ച് പേരെയാണ് ക്വാറന്റൈന്‍ ലംഘനത്തെ തുടര്‍ന്ന് പ്രേതബാധയുള്ള വീടുകളിലേക്ക് മാറ്റിയിട്ടുള്ളത്. അതത് ഗ്രാമങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്ന ‘പ്രേതഭവനങ്ങള്‍ ഇതിനായി ഉപയോഗിക്കാന്‍ പ്രാദേശിക ഭരണനേതൃത്വങ്ങള്‍ക്ക് ഉത്തരവും ലഭിച്ചിട്ടുണ്ട്.
നേരത്തേ, ജാവാ ദ്വീപില്‍ ക്വാറന്റീന്‍ ലംഘിക്കുന്നവരെ ഭരണാധികാരികള്‍ പ്രേതവേഷം കെട്ടിച്ച് രാത്രിയില്‍ പുറത്തിറക്കിയിരുന്നു. ഈ തന്ത്രം നല്ലതോതില്‍ ഫലം കണ്ടതായും ഭരണാധികാരികള്‍ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിയമലംഘകര്‍ക്ക് ‘പ്രേതഭവനങ്ങളില്‍ താമസം’ എന്ന ശിക്ഷയുമായി ഇവരെത്തിയിരിക്കുന്നത്.