ബ്രസല്‍സ്: കൊവിഡ് വൈറസിനെ നിര്‍വീര്യമാക്കാന്‍ ലാമകള്‍ക്ക് സാധിക്കുമെന്ന പുതിയ കണ്ടെത്തലുമായി ബെല്‍ജിയന്‍ ശാസ്ത്രജ്ഞര്‍. കൊറോണ വൈറസിനെ നിര്‍വീര്യമാക്കാന്‍ കഴിയുന്ന ആന്റിബോഡികള്‍ ലാമകളുടെ രക്തത്തില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ലാമ, ഒട്ടകങ്ങള്‍, അല്‍പാക്കസ് തുടങ്ങിയ ക്യാമലിഡ് വിഭാഗത്തില്‍പ്പെട്ട ജീവികളുടെ രക്തത്തിലടങ്ങിയിരിക്കുന്ന തന്മാത്രകള്ക്ക് കൊറോണ വൈറസിനെ നിര്‍വീര്യമാക്കാന്‍ ശേഷിയുണ്ടെന്നാണ് ഗെന്റിലെ വ്ലാംസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
ശാസ്ത്രജ്ഞര്‍ ലാമകളില്‍ അടങ്ങിയിരിക്കുന്ന ആന്റിബോഡികളെ പറ്റി വിശദമായി പഠനം നടത്തി വരികയാണ്. ആദ്യം എച്ച്ഐവി പഠനങ്ങള്‍ക്കായാണ് ലാമകളിലെ ആന്റിബോഡികള്‍ ഗവേഷണ വിധേയമാക്കിയത്. പിന്നീട് മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (MERS – മെര്‍സ് ), സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം (SARS – സാര്‍സ് ) എന്നിവയ്ക്ക് കാരണമാകുന്ന വൈറസുകള്‍ക്കെതിരെ ഈ ആന്റിബോഡികള്‍ ഫലപ്രദമാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. 1989ല്‍ ബ്രസല്‍സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ആദ്യമായി ക്യാമാലിഡുകളുടെ രക്തത്തിലെ ആന്റിബോഡികളുടെ സവിശേഷതകള്‍ കണ്ടെത്തിയത്.
അതേസമയം ദക്ഷിണ കൊറിയയില്‍ കീരികളിലും മറ്റും കൊവിഡ് വാക്സിനായി ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്. വൈറസ് ബാധയേറ്റ കീരികള്‍ മനുഷ്യര്‍ക്ക് സമാനമായി പ്രതികരിക്കുന്നതായും ഇതുവഴി ഫലപ്രദമായ ഒരു വാക്സിന് വികസിപ്പിച്ചെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കൊറിയന്‍ ഗവേഷകര്‍. സിറിയന്‍ ഹാംസ്റ്ററുകളിലും സമാനരീതിയില്‍ ഗവേഷണങ്ങള്‍ നടക്കുന്നതായി ഹോങ്കോംഗിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നുണ്ട്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും കൊവിഡ് വാക്സിന് കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പരീക്ഷണാര്‍ത്ഥത്തില്‍ വികസിപ്പിച്ചെടുത്ത വാക്സിന് മൃഗങ്ങളില്‍ ഫലം ചെയ്യുന്നുണ്ട്. ചിമ്പാന്സികളില് രൂപപ്പെടുത്തിയ കൊറോണ വൈറസ് ആന്റിബോഡികളില്‍ നിന്നാണ് ഗവേഷകര്‍ ഈ വാക്സിന് വികസിപ്പിച്ചെടുത്തിരിക്കുന്നത്. മനുഷ്യരിലും ഈ വാക്സിന് ഗുണം ചെയ്യുമെന്നാണ് ഗവേഷകരുടെ നിഗമനം.
സെപ്റ്റംബര്‍ മാസത്തോടു കൂടി ഈ വാക്സിന് മനുഷ്യരില്‍ വിജയകരമായി ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അങ്ങനെ സാധിച്ചാല്‍ കൊവിഡ് വൈറസിനെ മനുഷ്യരില്‍ നിന്നും തുടച്ചു നീക്കാന്‍ സാധിക്കുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ മനുഷ്യരില്‍ ഒരു വാക്സിന് ഫലപ്രദമായി ഉപയോഗിക്കാന്‍ ഒരു വര്‍ഷം മുതല്‍ പതിനെട്ട് മാസം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ വാക്സിന് പരീക്ഷണത്തിനായി 18 വയസു മുതല്‍ 55 വയസുവരെ പ്രായമുള്ള 510 പേരെ ഇതിനൊടകം തന്നെ തെരഞ്ഞെടുത്തു കഴിഞ്ഞു. നിലവില്‍ വിവിധ സ്പീഷീസുകളിലുള്ള മൃഗങ്ങളിലാണ് ഈ പുതിയ വാക്സിന് പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.
Discussion about this post