ജനീവ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളളവ് വരുത്തുന്നതിനെതിരെ ലോകാരോഗ്യ സംഘടന. ലോക്ക്ഡൗണില്‍ ഇളവ് വരുത്തുന്നതും നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതും തിരിച്ചടിയായേക്കുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ട്രെഡോസ് അഥനോം ഗെബ്രോയൂസസ് മുന്നറിയിപ്പ് നല്‍കി.
ചില ഏഷ്യന്‍ രാജ്യങ്ങളും യൂറോപ്യന്‍ സര്‍ക്കാരുകളും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തുകയാണ്. ഇത് തിരിച്ചടിയാകുമെന്ന് ഗെബ്രേയൂസസ് ആശങ്ക പ്രകടിപ്പിച്ചു. കൊവിഡ് ബാധിച്ച് ലോകത്ത് 1,70,000 ലേറെ പേരാണ് ഇതുവരെ മരിച്ചിരിക്കുന്നത്. 25 ലക്ഷത്തോളം പേര്‍ രോഗബാധിതരായി. നാം വിചാരിക്കുന്നത് കൊവിഡിന്റെ ഏറ്റവും മോശം അവസ്ഥയാണ് ഇതെന്നാണ്. എന്നാല്‍ വരാനിരിക്കുന്നത് ഇതിലും മോശം അവസ്ഥയാണെന്നാണ് ഡബ്ലിയു എച്ച് ഒ മേധാവി വ്യക്തമാക്കി.
കൊവിഡ് നമ്പര്‍ വണ്‍ പൊതുശത്രുവാണ്. വളരെ അപകടകാരിയായ വൈറസാണ് കൊറോണ. ഈ ചെകുത്താനെതിരെ ഓരോരുത്തരും പോരാട്ടത്തിന് ഇറങ്ങണമെന്ന് ഗെബ്രോയൂസസ് ആവശ്യപ്പെട്ടു. ഞങ്ങളെ വിശ്വസിക്കൂ. ഏറ്റവും മോശം ഇനിയും നമ്മുടെ മുന്നിലുണ്ട്. ഈ ദുരന്തത്തെ പ്രതിരോധിക്കുകയാണ് വേണ്ടത്. ഈ വൈറസിനെപ്പറ്റി വേണ്ട രീതിയില്‍ മനസ്സിലാക്കാത്ത ആളുകള്‍ ഇനിയുമുണ്ടെന്നും ഗെബ്രോയൂസസ് അഭിപ്രായപ്പെട്ടു.