ന്യൂയോര്‍ക്ക്: പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ പീറ്റര്‍ ബിയേര്‍ഡിനെ(82) മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂയോര്‍ക്കിലെ മൗണ്ടക്കിന് സമീപത്തായി മരങ്ങളേറെയുള്ള ഒരു പ്രദേശത്ത് നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തെ കാണാനില്ലെന്ന് പറഞ്ഞ് ഒരു മാസം മുമ്പ് കുടുംബം രംഗത്ത് എത്തിയിരുന്നു.
‘അവന് ജീവിച്ചത് പ്രകൃതിയിലാണ് അവിടെ തന്നെ മരിച്ചു’ എന്നാണ് പീറ്റര്‍ ബിയേര്‍ഡിന്റെ കുടുംബം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. ഞായറാഴ്ചയാണ് മൃതദേഹം മൗണ്ടക്കിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് മൃതദേഹം പീറ്റര്‍ ബിയേര്ഡിന്റേത് തന്നെയാണെന്ന് കുടുംബം സ്ഥിരീകരിച്ചത്.
അതേസമയം പീറ്റര്‍ ബിയേര്‍ഡിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം. ആഫ്രിക്കന്‍ വന്യജീവികളുടെ ഫോട്ടോകളിലൂടെയാണ് അദ്ദേഹം ലോകപ്രശസ്തനായത്. 1965ല്‍ പ്രസിദ്ധീകരിച്ച ‘ദി എന്‍ഡ് ഓഫ് ദി ഗെയിം’ എന്ന ഡോക്യുമെന്ററി ഇദ്ദേഹത്തിന്റേതാണ്. ആഫ്രിക്കയുടെ സൗന്ദര്യവും പ്രകൃതിയും വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെ ദുരിതവുമാണ് ഇതില്‍ രേഖപ്പെടുത്തിയത്.
Discussion about this post